ന്യൂഡൽഹി: ഓൺലൈൻ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറിന്റെ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ നടപടിയുമായി പൊലീസ്. ഗെയിമിങ് കമ്പനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരു ഓൺലൈൻ ഗെയിം കളിച്ചതു വഴി തന്റെ മകൾക്ക് പണം ലഭിച്ചെന്ന് സച്ചിൻ പറയുന്ന വീഡിയോ ആയിരുന്നു ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നത്. പ്രസ്തുത ഗെയിമിങ് വെബ്സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ പിന്നിലുള്ളവർ ആരെന്ന് വ്യക്തമായിട്ടില്ല.
സച്ചിന്റെ പഴയ ഇന്റർവ്യൂവിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ച് ഡീപ് ഫേക്ക് വഴി ഗെയിമിന്റെ പരസ്യത്തിനായി ഉപയോഗിച്ചു എന്നാണ് കേസ്. ഐപിസി സെക്ഷൻ 500( അപകീർത്തി), ഐടി ആക്ട് സെക്ഷൻ 66 (A) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നതായി സച്ചിൻ തന്നെയാണ് എക്സിലൂടെ അറിയിച്ചത്. ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇതിൽ ജാഗ്രത പുലർത്തണമെന്നും സച്ചിൻ കുറിച്ചിരുന്നു.







