ഒന്റാരിയോയിലെ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായകമായി 1.3 ബില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ട്യൂഷന്‍ ഫീസ് കുറഞ്ഞത് മൂന്ന് ര്‍ഷത്തേക്ക് കൂടി മരവിപ്പിക്കുകയാണെന്നും കോളേജസ് ആന്‍ഡ് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റര്‍ ഡില്‍ ഡണ്‍ലപ് വ്യക്തമാക്കി.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 903 മില്യണ്‍ ഡോളര്‍ പുതിയ പോസ്റ്റ്‌സെക്കന്‍ഡറി എജ്യുക്കേഷന്‍ സസ്‌റ്റെയിനബിളിറ്റി ഫണ്ടിലേക്ക് സര്‍ക്കാര്‍ നിക്ഷേപിക്കുമെന്നും ഇതില്‍ നിന്നും ഒരു വിഹിതം ഏറ്റവും കൂടുതല്‍ സാമ്പത്തിക ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബാക്കിയുള്ള തുക ക്യാപിറ്റല്‍ ഫണ്ടിംഗ്, STEM പ്രോഗ്രാം ചെലവുകള്‍, റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ പ്രോജക്ട് എന്നിവയ്ക്കായി വിനിയോഗിക്കും.
കോളേജുകളും സര്‍വ്വകലാശാലകളും വിദ്യാര്‍ത്ഥികള്‍ക്ക് അനുബന്ധ ഫീസുകളെക്കുറിച്ചും പാഠപുസ്തകങ്ങള്‍ പോലുള്ള മറ്റ് ചെലവുകളെക്കുറിച്ചും വിവരം നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 2019 മുതല്‍ ട്യൂഷന്‍ ഫീസ് മരവിപ്പിക്കല്‍ 2026-27 വരെ തുടരുമെന്ന് മന്ത്രി അറിയിച്ചു.
