കാനഡയിൽ നിന്ന് തന്നെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ സന്ദർശകരെ അനുവദിച്ചിരുന്ന താൽക്കാലിക പൊതു നയം അവസാനിപ്പിച്ച് ഫെഡറൽ സർക്കാർ. ഓഗസ്റ്റ് 28-മുതൽ പുതിയ നയം പ്രാബല്യത്തിൽ വന്നു. നിലവിൽ 2025 ഫെബ്രുവരി 28-വരെയായിരുന്ന താൽക്കാലിക നയം നേരത്ത അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ 2024 ഓഗസ്റ്റ് 28-ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾ പ്രോസസ്സ് ചെയ്യുമെന്ന് ഐആർസിസി വ്യക്തമാക്കി.
കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഇമിഗ്രേഷൻ സംവിധാനത്തിൻ്റെ സമഗ്രത ഉറപ്പാക്കുന്നതിനുമുള്ള ഐആർസിസിയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.
2020 ഓഗസ്റ്റിൽ കൊവിഡ് കാലത്താണ് താൽക്കാലിക നയം നടപ്പിലാക്കിയത്. ഇതോടെ സന്ദർശകർക്ക് രാജ്യം വിടാതെ തന്നെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുമതി നൽകിയിരുന്നു. കൂടാതെ ഈ വ്യക്തികൾക്ക് അവരുടെ പുതിയ വർക്ക് പെർമിറ്റ് അപേക്ഷകൾ പ്രോസസ്സ് ചെയ്യുമ്പോൾ തന്നെ കാനഡയിൽ ജോലി ചെയ്യാനും നയം അനുവദിച്ചിരുന്നു.
