ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഡെബി ന്യൂനമര്‍ദ്ദവുമായി ലയിക്കുന്നതിനാല്‍ ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ ഏരിയയിലും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് എൻവയോണ്‍മെന്റ് കാനഡ.
ചില സമയങ്ങളിൽ കനത്ത മഴ വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച് വെള്ളിയാഴ്ച വരെ തുടരുമെന്നും ചില പ്രദേശങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് ഏജൻസി പറയുന്നു.
തെക്കുപടിഞ്ഞാറൻ ഒൻ്റാറിയോയുടെയും ഗോൾഡൻ ഹോഴ്സ്ഷൂവിൻ്റെയും ഭാഗങ്ങളിൽ ന്യൂനമർദ്ദം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
വെള്ളിയാഴ്ച രാവിലെ ജിടിഎയിൽ കനത്ത മഴയും ഇടിമിന്നലുമുണ്ടാകും. കൂടാതെ ടൊറൻ്റോയിൽ ഏകദേശം 10 മില്ലിമീറ്റർ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ടൊറൻ്റോ കാലാവസ്ഥാ നിരീക്ഷകൻ ജിൽ ടെയ്ലർ പറഞ്ഞു.
അതേസമയം, ഉഷ്ണമേഖലാ കൊടുങ്കാറ്റിൻ്റെ അവശിഷ്ടങ്ങൾ ഗ്രേറ്റ് തടാകങ്ങൾക്ക് മുകളിൽ മറ്റൊരു ന്യൂനമർദ്ദം ഉണ്ടാകുമെന്നും ഇത് കിഴക്കൻ കാനഡയുടെ ചില ഭാഗങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴ പെയ്യിക്കുമെന്നും റിപ്പോർട്ട് പറയുന്നു.







