കാനഡയുടെ ചില പ്രദേശങ്ങളിൽ മൈകോപ്ലാസ്മ അഥവാ വാക്കിംങ് ന്യുമോണിയ കേസുകൾ വർധിക്കുന്നതായി ഡോക്ടർമാർ. കുട്ടികളിലും കൗമാര പ്രായക്കാരിലുമാണ് രോഗം സാധാരണയായി കണ്ടുവരുന്നത്. ശ്വാസകോശ സംബന്ധമായ വൈറസുകൾ സാധാരണയായി പടർന്നു പിടിക്കുന്ന സമയത്ത് തന്നെയാണ് വാക്കിംങ് ന്യുമോണിയ കേസുകളും കൂടുന്നത്.
പനി, ചുമ, ക്ഷീണം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. എന്നാൽ ചെറിയ വിഭാഗം രോഗികളിൽ ശ്വാസതടസ്സം, ഉയർന്ന പനിയോ ഉണ്ടായേക്കാം. ഒൻ്റാറിയോ, ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ വാക്കിങ് ന്യുമോണിയ കേസുകൾ വർധിക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു.
സാധാരണ ന്യുമോണിയയിൽ നിന്ന് വ്യത്യസ്തമായ ആൻ്റിബയോട്ടിക്കുകളാണ് വാക്കിംഗ് ന്യൂമോണിയ ചികിൽസയ്ക്ക് വേണ്ടതെന്ന് ടൊറൻ്റോ യൂണിവേഴ്‌സിറ്റി ഹെൽത്ത് നെറ്റ്‌വർക്കിലെ ഫാമിലി മെഡിസിൻ മേധാവി ഡോ. കാമിൽ ലെമിയൂക്‌സ് പറയുന്നു.
ഓക്ടോബറിൽ യു.എസിലുടനീളം വാക്കിംങ് ന്യുമോണിയ വർധിച്ചതായി സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടെ, ആഗസ്ത് അവസാനത്തോടെ പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ രോഗം ഉയർന്നു.







