തിരുവനന്തപുരം: എക്‌സാലോജിക്കിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് വിദേശത്തും കമ്പനിയുള്ളതായി ആരോപണവുമായി ഷോണ്‍ ജോർജ്. സ്‌കൈ ഇലവൻ ഇൻകോർപറേറ്റ്‌സ് എന്ന പേരില്‍ കാനഡയിലെ ടൊറന്റോയില്‍ 2023 മാർച്ചില്‍ കമ്പനി ആരംഭിച്ചെന്നാണ് ആരോപണം. അതേസമയം കണ്‍സള്‍ട്ടൻസി സേവനവും പരിശീലനവും നല്‍കുന്ന കമ്പനിയാണ് ഇതെന്നാണ് ഔദ്യോഗിക വെബ്‌സെറ്റില്‍ വ്യക്തമാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സർവ്വീസ് നല്‍കുന്നുണ്ട് എന്നും വെബ്സൈറ്റിൽ നിന്നും വ്യക്തമാണ്.
സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കിന്റെ ഉടമയാണ് വീണ വിജയൻ. എക്‌സാലോജിക്കിന്റെ പ്രവർത്തനം രജിസ്ട്രാർ ഓഫ് കമ്പനീസ് മരവിപ്പിച്ചതിന് പിന്നാലെയാണ് കാനഡയില്‍ കമ്പനി ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. വീണയുടെ പേരാണ് ഡയറക്ടറുടെ സ്ഥാനത്ത് കാണിച്ചിരിക്കുന്നത്. ലിങ്ക്ഡ് ഇന്നില്‍ നല്‍കിയിരിക്കുന്ന വിവരത്തില്‍ എക്‌സാലോജിക്കിലെ സോഫ്റ്റ് വെയർ ഡെവലപ്പറായ ജീവൻ എന്നയാളുടെ പേരും കാണിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
