രാജ്യത്തെ മരുന്നുകളുടെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കനേഡിയന്മാർ ചെലവ് ചുരുക്കൽ മാർഗങ്ങൾ അവലംബിക്കുന്നതായി സർവേ. കനേഡിയന്മാർ മരുന്ന് വേണ്ടെന്ന് വെക്കുകയും പഴയ മരുന്ന് കുറിപ്പടികൾ പുതുക്കുന്നില്ലെന്നും ഡോസ് ക്വിപ് ചെയ്യുന്നതായും ഗുളികകൾ കട്ട് ചെയ്ത് ഉപയോഗിക്കുന്നതായും സർവേ പറയുന്നു.
ഹാർട്ട് & സ്ട്രോക്കും കനേഡിയൻ കാൻസർ സൊസൈറ്റിയും ചേർന്ന് നടത്തിയ ലെഗർ സർവേയിലാണ് പുതിയ കണ്ടെത്തൽ. ഏകദേശം 22 ശതമാനം കനേഡിയന്മാർ മരുന്നുകളുടെ ഉയർന്ന വില കാരണം അവയുടെ ഡോസേജ് കുറയ്ക്കുകയോ ചിലപ്പോഴൊക്കെ ഒഴിവാക്കുകയോ ചെയ്യുന്നതായി പഠനം പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ നാലിലൊരാൾ (28 ശതമാനം) മരുന്നുകൾ വാങ്ങുന്നതിന് മറ്റ് ചിലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നിട്ടുണ്ടെന്ന് കണ്ടെത്തി.
കാൻസർ രോഗനിർണയത്തോടൊപ്പം വരുന്ന മറ്റ് പല ചെലവുകൾക്കു പുറമേ, ജീവൻ രക്ഷിക്കുന്ന പ്രോസ്ക്രിപ്ഷൻ മരുന്നുകൾക്കു വേണ്ടി പണം നൽകേണ്ടത് പലർക്കും താങ്ങാനാകുന്നതിലും അപ്പുറമാണ് എന്നാണ് കാനേഡിയൻ കാൻസർ സൊസൈറ്റി സിഇഒ ആൻഡ്രിയ സീൽ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അത്യാവശ്യ മരുന്നുകൾ വാങ്ങാൻ കഴിയാതെ വന്നതുകൊണ്ട് ആരോഗ്യം വഷളായി 10 ശതമാനം കനേഡിയൻ ജനങ്ങൾ അടിയന്തര സഹായം തേടേണ്ടി വന്നതായി പഠനം കണ്ടെത്തി.
കാനഡയിൽ താമസിക്കുന്ന എല്ലാവർക്കും പ്രോസ്ക്രിപ്ഷൻ മരുന്നുകൾ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഫെഡറൽ ഗവൺമെന്റിനാണെന്ന് 82 ശതമാനം കനേഡിയൻ ജനങ്ങളും വിശ്വസിക്കുന്നതായി പഠനം പറയുന്നു.







