എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയാണ് കോളജ് ക്യാമ്പസില്‍ വെച്ച് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. നാസറിൻ്റെ കാലിനും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആണെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകർ രംഗത്തെത്തി.
പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ പരിക്ക് സാരമുള്ളതിനാല്‍ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നാണ് വിവരം. നാടക റിഹേഴ്‌സലിന് ശേഷം പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ കഴിഞ്ഞദിവസം കോളജില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഭവത്തിൻ്റെ തുടർച്ചയായാണ് എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റതെന്നാണ് വിവരം. കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് ഒരു വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതർ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
