ദക്ഷിണേഷ്യൻ വ്യാപാര സമൂഹത്തിലെ അംഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടുള്ള കവർച്ചാ ഭീഷണികൾ വർദ്ധിച്ചു കൊണ്ടിരിക്കെ, വിഷയത്തിൽ ഫെഡറൽ ഗവൺമെന്റിന്റെ അടിയന്തിര ശ്രദ്ധ ക്ഷണിച്ച് മേയർമാർ. ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ, സറെ മേയർ ബ്രെൻഡ ലോക്കി എന്നിവരാണ് ഈ ബിസിനസ് സമൂഹത്തിനായി രംഗത്ത് എത്തിയത്.
സൗത്ത് ഏഷ്യൻ ബിസിനസ് കമ്മ്യൂണിറ്റിക്ക് നേരെ നടന്നുവരുന്ന കവർച്ചാ ശ്രമങ്ങളിലും വെടിവെപ്പ് ഉൾപ്പെടെയുള്ള ആക്രമണങ്ങളിലും ഇവർ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പൊതു സുരക്ഷാ വകുപ്പ് മന്ത്രി ഡൊമനിക് ലീബ്ലാങ്കിന് ഇവർ കത്തെഴുതി. ഇത്തരം ഭീഷണികൾ വ്യാപകമായ സാഹചര്യത്തിൽ ഇവയുടെ തീവ്രത എത്രത്തോളമാണെന്ന് കത്തിൽ വിവരിക്കുന്നുണ്ട്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, പീൽ റീജണൽ പോലീസ് ഉൾപ്പെടെയുള്ള ലോക്കൽ പോലീസ് ഡിപ്പാർട്ട്മെന്റുകൾ എന്നിവരെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ടന്നും കത്തിൽ പറയുന്നു.
കവർച്ചയുമായി ബന്ധപ്പെട്ട 16 ഓളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ എക്സ്ടോർഷൻ ഇൻവെസ്റ്റിഗേറ്റീവ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുകയാണ് പീൽ പോലീസ്.







