മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കനേഡിയന്‍ പൗരന്മാരിൽ ദേശീയ അഭിമാന ബോധം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് . രാജ്യത്തെ 607 പേരില്‍ കാനഡ ഡേയ്ക്ക് മുമ്പായി ലെഗര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍വേയിൽ 76 ശതമാനം പേര്‍ കനേഡിയന്‍ പൗരനായതിലും രാജ്യത്ത് ജീവിക്കാനായതിലും അഭിമാനിക്കുന്നതായും എന്നാല്‍ 2019 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ദേശീയ അഭിമാനം കുറഞ്ഞതായി സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം പേരും പറഞ്ഞു.
കാനഡയില്‍ ഏറ്റവും അഭിമാനിക്കുന്ന കാര്യങ്ങളുടെ പട്ടികയില്‍ പ്രകൃതി സൗന്ദര്യം ഒന്നാമതെത്തി. സാര്‍വത്രിക ആരോഗ്യ സംരക്ഷണം, സ്വാതന്ത്ര്യം, സമാധാനപരവും സുരക്ഷിതവുമായ സമൂഹം, ബഹുസ്വര സംസ്‌കാരം തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടവ.
ആരോഗ്യ മേഖലയിലെ നീണ്ട കാത്തിരിപ്പ് സമയം, ഫാമിലി ഡോക്ടര്‍മാരുടെ അഭാവം, തിരക്കേറിയ എമര്‍ജന്‍സി റൂമുകള്‍ എന്നിവ കാനഡയില്‍ താമസിക്കുന്നവരില്‍ നിരാശയുണ്ടാക്കുന്നതായും ഇത് ദേശീയ അഭിമാന ബോധത്തില്‍ വിള്ളലുണ്ടാക്കുന്നതായും സർവേ കണ്ടെത്തി. ഫെഡറല്‍ സര്‍ക്കാരിന്റെ ഭരണത്തിലും ചില കനേഡിയന്‍ പൗരന്മാര്‍ നിരാശ പ്രകടിപ്പിച്ചു. ലിബറല്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട് കണ്‍വേറ്റീവുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരുണ്ട് സർവേയിൽ.
കനേഡിയന്‍ പൗരന്മാരില്‍ ദേശീയ അഭിമാന ബോധം കുറഞ്ഞു; റിപ്പോര്‍ട്ട്
Reading Time: < 1 minute






