കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. ഈ വർഷം അന്താരാഷ്ട്ര സ്റ്റുഡൻ്റ് വിസയിൽ ഫെഡറൽ ഗവൺമെൻ്റ് നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ കുറവ് വിദ്യാർത്ഥികൾ മാത്രമാണ് രാജ്യത്തെത്തിയതെന്ന് യൂണിവേഴ്സിറ്റി കാനഡ. പാർപ്പിടം, ആരോഗ്യ സംരക്ഷണം, മറ്റ് സേവനങ്ങൾ എന്നിവയിലെ സമ്മർദ്ദം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള ദ്രുതഗതിയിലുള്ള വർദ്ധനവ് തടയുന്നതിനതിനായി ജനുവരിയിൽ പരിധി നിശ്ചയിച്ചിരുന്നു.
പുതിയ നയം സ്റ്റുഡൻ്റ് വിസ അപേക്ഷകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024 ൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 35 ശതമാനം കുറവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യൂണിവേഴ്‌സിറ്റി കാനഡ പ്രസിഡൻ്റ് ഗബ്രിയേൽ മില്ലർ പറയുന്നു. ഈ മാറ്റം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലേക്ക് വരാനിരിക്കുന്ന വിദ്യാർത്ഥികൾക്ക് അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നും സർക്കാർ പരിധി നടപ്പിലാക്കുമ്പോൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് വിസ പ്രോസസ്സിംഗ് താൽക്കാലികമായി നിർത്തിയതും വിദ്യാർത്ഥികളെ മറ്റ് രാജ്യങ്ങളിലേക്ക് മാറാൻ പ്രേരിപ്പിച്ചിരിക്കാമെന്ന് അദ്ദേഹം പറയുന്നു. സ്കൂളുകൾ തുറക്കുന്നതുവരെ പൂർണ്ണമായ ആഘാതം വ്യക്തമാകില്ലെന്ന് മില്ലർ വ്യക്തമാക്കുന്നു.







