ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കഴിഞ്ഞ നാല് മാസമായി 17,000 കുട്ടികള്‍ക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടമായതായി യുണിസെഫ്. ഇവരെല്ലാം കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തവരാണെന്നും ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ സംരക്ഷണം കൈകാര്യം ചെയ്യുന്ന സംഘടനയുടെ കണക്കുകള്‍ പറയുന്നു.
സംഘര്‍ഷത്തിന് തുടര്‍ച്ചയായി 6,25 000 കുട്ടികള്‍ വിദ്യാഭ്യാസ അവസരം നഷ്ടപ്പെട്ടവരായി തീര്‍ന്നിട്ടുണ്ടെന്ന കണക്കുകൾക്ക് പിന്നാലെയാണ് ഇത്.
ഈ സാഹചര്യത്തില്‍ ഗാസ മുനമ്പിലെ മുഴുവന്‍ കുട്ടികളും അതീവമായി സംഘര്‍ഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇവര്‍ക്ക് മാനസിക പിന്തുണ ആവശ്യമാണെന്നും യൂണിസെഫ് വ്യക്തമാക്കുന്നു. കഠനമായ ഉല്‍കണ്ഠയും ഉറമില്ലായ്മയും അനിശ്ചിതത്വവും ഇവരെ മാനസിക പീഡയില്‍ ആക്കിയിരിക്കയാണ്. പത്ത് ലക്ഷം കുട്ടികള്‍ക്ക് എങ്കിലും ഇത്തരത്തില്‍ പിന്തുണ അത്യാവശ്യമായി തീര്‍ന്നിട്ടുണ്ട്. ”ഈ 17,000 എന്ന കണക്ക് ആകെ കുടിയിറക്കപ്പെട്ട 17 ലക്ഷം ജനങ്ങളടങ്ങുന്ന ജനസംഖ്യയുടെ ഒരു ശതമാനമാണ്. വിവരങ്ങള്‍ പരിശോധിക്കുന്നത് അസാധ്യമായതിനാല്‍ ഈ സംഖ്യ ഒരു ഏകദേശ കണക്കാണ്,” – അധിനിവേശ പലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള യൂണിസെഫിന്റെ കമ്മ്യൂണിക്കേഷന്‍ മേധാവി ജൊനാഥന്‍ ക്രിക്സ് പറഞ്ഞു.
കുട്ടികള്‍ക്ക് പേരുകള്‍ പോലും പറയാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. പരുക്കേറ്റും മറ്റും ആശുപത്രികളിലായതിനാലും കുട്ടികളെ കണ്ടെത്തുന്നത് പ്രയാസമേറിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു. സംഘര്‍ഷത്തിന്റെ സമയത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ മറ്റു കുടുംബങ്ങളാണ് സംരക്ഷിക്കുന്നത്. എന്നാല്‍ ഗാസയിലെ ഭക്ഷണം, വെള്ളം, അഭയം തുടങ്ങിയവയുടെ അഭാവം മൂലം സ്വന്തം കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് മറ്റൊരു കുട്ടിയെയും സംരക്ഷിക്കുന്നത് വെല്ലുവിളിയായി തീരുന്ന സാഹചര്യമാണെന്നും ക്രിക്സ് വ്യക്തമാക്കി.
