dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട ഇടമായി യൂറോപ്പ്;, ഷെൻെഗൻ വിസ അപേക്ഷകളിൽ വൻ വർധനവ്

Reading Time: < 1 minute

ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നോ യൂറോപ്പ്? ഇന്ത്യയിൽ നിന്നുള്ള ഷെൻഗൻ വിസയുടെ കാര്യത്തിൽ 43 ശതമാനം വർധനവുണ്ടായതായാണ് യൂറോപ്യൻ കമ്മീഷൻ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2022-നെ അപേക്ഷിച്ച് 2023-ൽ ഏകദേശം 3 ലക്ഷം അപേക്ഷകളുടെ വർധനവുണ്ടായതായാണ് വ്യക്തമാകുന്നത്. 2022-ൽ 6.7 ലക്ഷം അപേക്ഷകളുണ്ടായ സാഹചര്യത്തിൽ കഴിഞ്ഞ വർഷം അത് 9.7 ലക്ഷമായി വർധിച്ചു. 2023-ലെ ഷെൻഗൻ വിസ അപേക്ഷകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഒന്നാം സ്ഥാനത്തും തുർക്കി രണ്ടാം സ്ഥാനത്തുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ ഒരു വർഷക്കാലത്തുണ്ടായ അപേക്ഷകളുടെ വർധനവിൻ്റെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈനയിലെ അപേക്ഷകളുടെ എണ്ണം ഏറ്റവുമധികം ശതമാനം വർധിച്ചത്.
അതേ സമയം അപേക്ഷകൾ വർധിച്ചതനുസരിച്ച് അഭിമുഖത്തിനുള്ള സ്ലോട്ടുകൾ നൽകാനാവാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് കാരണം നിരവധി ഇന്ത്യക്കാരുടെ യൂറോപ്യൻ യാത്രാ പ്ലാനുകളെ ബാധിച്ചുവെന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കുന്നു.
ചൈനയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം വർധിച്ചപ്പോൾ റഷ്യയിൽ നിന്നുള്ള അപേക്ഷകൾ കുറഞ്ഞു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര യാത്രകൾക്കായി അതിർത്തി തുറന്ന ചൈന 2022-ൽ ഷെൻഗെൻ വിസാ അപേക്ഷകളുടെ കാര്യത്തിൽ 22ാം സ്ഥാനത്തായിരുന്നു. ഈ നിലയിൽ നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. 1104 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്.
എന്നാൽ 2022-ൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റഷ്യ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. യുക്രെെനുമായുണ്ടായ യുദ്ധമാണ് റഷ്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായത്. ഈ കാലയളവിൽ 25 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായത്.
ഇന്ത്യയിൽ നിന്നുള്ള പരിചയസമ്പന്നരായ വിനോദസഞ്ചാരികൾ പറയുന്നത് യഥാർത്ഥ്യത്തിലുള്ള ഡിമാൻ്റ് ഇതിലുമധികമാണെന്നാണ്. അഭിമുഖങ്ങൾക്കായി സ്ലോട്ടുകൾ ലഭ്യമല്ലാത്തതിനാൽ യൂറോപ്യൻ യാത്ര നടത്താനായി ആഗ്രഹിച്ചിരുന്ന പലർക്കും ഷെൻഗെൻ വിസക്കായി അപേക്ഷിക്കാൻ പോലും സാധിച്ചില്ലെന്നാണ് ഇവർ പറയുന്നത്.
“അധികം ഷെൻഗെൻ രാജ്യങ്ങളിലേക്കും അപേക്ഷിക്കുന്നതിനായി അപ്പോയിൻമെൻ്റുകൾ ലഭ്യമല്ല, ഈ വേനലവധിക്ക് നിങ്ങൾക്ക് യൂറോപ്പിലേക്ക് പോകണമെങ്കിൽ ജർമ്മനിക്കും ഇറ്റലിക്കും വേണ്ടിയുള്ള അപ്പോയിൻമെൻ്റ് ഡേറ്റ് ജൂലൈയിലാണ് ലഭിക്കുന്നത്. ഇത് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു. നിയമമനുസരിച്ച് ഏത് രാജ്യമാണോ പ്രധാനമായി പോകാനുദ്ദേശിക്കുന്നത് ആ രാജ്യത്തിൻ്റെ കോൺസുലേറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ അപ്പോയിൻമെൻ്റ് ഏത് രാജ്യത്താണോ ലഭ്യമായത് ആ രാജ്യം തെരഞ്ഞെടുക്കുന്നതിന് ആളുകൾ നിർബന്ധിതരാകുന്നു” – ട്രാവൽ ഏജൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റ് അനിൽ കൽസി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Leave a comment

Your email address will not be published. Required fields are marked *