ടൊറന്റോ: എയർ കാനഡ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ട് വഴി ഡിസംബർ ആറുമുതൽ ഫെബ്രുവരി ഒന്നു വരെ പുതിയ വിമാന സർവീസ് ആരംഭിക്കാൻ പദ്ധതി.
എന്നാൽ ഈ കാലയളവിൽ മുംബൈയിൽ നിന്ന് ടൊറന്റോയിലേക്കുള്ള മടക്ക വിമാന സർവീസ് നേരിട്ടായിരിക്കും. ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് ഈ സർവീസിൽ ഉപയോഗിക്കുക. ഫ്രാങ്ക്ഫർട്ടിൽ 1.15 മണിക്കൂറായിരിക്കും സ്റ്റോപ്പ് ഓവർ.
കണക്റ്റിംഗ് ഫ്‌ളൈറ്റ് 12,480 കിലോമീറ്റർ (7,755 മൈൽ) ദൂരം പറക്കാൻ ഏകദേശം 17 മണിക്കൂറാണ് സമയമെടുക്കുക.
2025 ഫെബ്രുവരി രണ്ടു മുതൽ രണ്ട് ഭാഗത്തേക്കുമുള്ള വിമാന സർവീസുകൾ നേരിട്ടായിരിക്കും. ഫ്രാങ്ക്ഫർട്ടിൽ ഇന്ധനം നിറക്കാൻ സ്റ്റോപ്പുണ്ടാവില്ല. ബോയിംഗ് 777-200 എൽആർ ആണ് സർവീസ് നടത്തുക.
നോൺ സ്‌റ്റോപ്പ് ഫ്‌ളൈറ്റുകളുടെ സമയം എസി 46 ടൊറന്റോയിൽ നിന്ന് 20:15ന് പുറപ്പെട്ട് 15 മണിക്കൂറും 15 മിനിറ്റും പറന്ന് പ്രാദേശിക സമയം 22:00ന് മുംബൈയിലെത്തും. തിരിച്ച് എസി 47 23:50ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 17 മണിക്കൂറും 25 മിനുട്ടും പറന്ന് പ്രാദേശിക സമയം 6:45ന് ടൊറന്റോയിൽ എത്തിച്ചേരും.
ഈ ഫ്‌ളൈറ്റുകൾക്കൊപ്പം ഈ ശൈത്യകാലത്ത് ഇന്ത്യയിലേക്കും തിരിച്ചും ആഴ്ചയിൽ 25 വിമാനങ്ങൾ സർവീസ് നടത്താനാണ് എയർ കാനഡ ഒരുങ്ങുന്നത്. കനേഡിയൻ എയർലൈൻ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും 11 പ്രതിവാര ഫ്‌ളൈറ്റുകൾ, മോൺട്രിയലിൽ നിന്ന് ഡൽഹിയിലേക്ക് പ്രതിദിന ഫ്‌ളൈറ്റുകൾ, വെസ്റ്റേൺ കാനഡ, കാൽഗറി എന്നിവിടങ്ങളിൽ നിന്ന് ലണ്ടൻ ഹീത്രൂ വഴി ഡൽഹിയിലേക്കുള്ള പ്രതിദിന ഫ്‌ളൈറ്റുകൾ എന്നീ സർവീസുകൾ നടത്തും.
കഴിഞ്ഞ വർഷത്തെ ഷെഡ്യൂളിനെ അപേക്ഷിച്ച് മോൺട്രിയൽ ആസ്ഥാനമായുള്ള വിമാനക്കമ്പനി ഈ ശൈത്യകാലത്ത് ഇന്ത്യയിലേക്ക് 40 ശതമാനം കൂടുതൽ സർവീസുകൾ നടത്തും.







