തിരുവനന്തപുരം: കേരളത്തിന്റെ മനോഹര ഭൂപ്രകൃതിയും വശ്യതയും ആവോളം ആസ്വദിച്ചറിയാൻ ഒരു ഹെലികോപ്പടർ യാത്രയായാലോ? അതും സർക്കാർ പദ്ധതിയുടെ ഭാഗമായി ? അതെ , കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്ന ഹെലി ടൂറിസം പദ്ധതിയ്ക്ക് തുടക്കമായി. കേരളം കാണാനെത്തുന്നവർക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നിൻ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാന്‍ പദ്ധതി അവസരമൊരുക്കും. സുപ്രധാന ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് നിലവിലുള്ള ഹെലിപാഡുകൾ കണ്ടെത്തി അവ ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തും.ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ജടായുപാറ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കുമരകം, ഇടുക്കി, മൂന്നാർ, കോഴിക്കോട്, കാസറഗോഡ് തുടങ്ങിയ സ്ഥലങ്ങളെ കേന്ദ്രീകരിക്കും. കൊച്ചി ഹെലി ടൂറിസം ഹബ്ബായിരിക്കും.







