മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്കിന്ന് അറുപത്തിയൊന്നാം പിറന്നാള്‍. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് സംഗീത ലോകവും ആരാധകരും ആശംസകള്‍ നേർന്നുകൊണ്ട് എത്തുകയാണ്. 1979-ല്‍ എം.ജി രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. പത്മരാജന് സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. 1983-ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങള്‍ എത്തി .മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.
ആറ് ദേശീയ പുരസ്കാരങ്ങളാണ് ചിത്രയെ തേടിയെത്തിയത്. 1986-ല്‍ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിക്കുന്നത്. പിന്നീട് 1987, 1989,1996,1997, 2004 ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി.
16 സംസ്ഥാന പുരസ്കാരങ്ങള്‍ക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്കാരങ്ങള്‍ ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്കാരം നല്കി രാജ്യവും ചിത്രയെ ആദരിച്ചു.







