ശ്വാസ തടസ്സം, കടുത്ത പനി, പേശിവേദന എന്നിവയെ തുടർന്ന് 64കാരനായ മോഹൻലാലിനെ അടുത്തിടെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മോഹൻലാലിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോ. ഗിരീഷ് കുമാർ. കെ.പി. അറിയിച്ചിരുന്നു. താരത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നാണ് റിപ്പോർട്ട്. ആരാധകരും സിനിമാലോകം ഒന്നടങ്കടവും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ്.
അതേസമയം മോഹൻലാലിന്റെ പുത്തൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഴവില്‍ എന്‍റര്‍ടൈന്‍മെന്‍റ് അവാര്‍ഡ് റിഹേഴ്‌സൽ ക്യാമ്പിലാണ് മോഹൻലാൽ. ഇടവേള ബാബു, സിദ്ധിഖ്, ഫഹദ് ഫാസിൽ, ആസിഫ് അലി, അർജുൻ അശോകൻ തുടങ്ങിയവർ ഈ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
മോഹൻലാലിന്റെ ഫാൻ പേജുകളിലൂടെയാണ് ഈ ദൃശ്യങ്ങൾ സജീവമായി പ്രചരിക്കുന്നത്. മോഹൻലാൽ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയോ, അദ്ദേഹത്തിന്റെ ആരോഗ്യം പൂർവസ്ഥിതിയിലായോ, തുടങ്ങിയ ആശങ്കയുള്ളവർക്ക് മുന്നിലേക്ക് എത്തുന്ന ഈ ദൃശ്യങ്ങൾ ആശ്വാസകരമാണ്. അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം മോഹൻലാലിന്റേതായി വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും അതിൽ ഉൾപ്പെടുന്നു.
