ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ അവഗണിക്കപ്പെട്ട് കേരളം. ബിഹാറിനും ആന്ധ്രപ്രദേശിനും വന്‍കിട പദ്ധതികള്‍ ലഭിച്ചപ്പോള്‍ കേരളത്തിന് അനുകൂല പദ്ധതികള്‍ ഒന്നും ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സില്‍വര്‍ ലൈനും വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി അടക്കം കേരളം കേന്ദ്രത്തിന് മുന്നില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പേരിന് പോലും പ്രഖ്യാപനങ്ങളുണ്ടായില്ല. ദീര്‍ഘകാല ആവശ്യമായ എയിംസിലും കേരളം പ്രതീക്ഷ പുലര്‍ത്തിയിരുന്നു.
ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തി. ‘കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ്’ എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
രാജ്യത്തെ ഒരു മേഖലയും നരേന്ദ്രമോദി സര്‍ക്കാരിന്റെ കൈയ്യില്‍ സുരക്ഷിതമല്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നതെന്ന് എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരനും പ്രതികരിച്ചു. ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങള്‍ കൊണ്ടുപോയി. ശസ്ത്രക്രിയ വേണ്ടിടത്ത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു.







