പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ ലീഡർ സ്ഥാനം രാജിവെയ്ക്കുമെന്ന് റിപ്പോർട്ട്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ട്രൂഡോ പ്രധാനമന്ത്രിയായി തുടരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ട്രൂഡോരാവിലെ ഗവർണർ ജനറൽ മേരി സൈമണുമായി കൂടിക്കാഴ്ച നടത്തി. പാർലമെൻ്റ് മാർച്ച് വരെ നീട്ടിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.
രാജിയുമായി ബന്ധപ്പെട്ട് ട്രൂഡോ രാവിലെ പ്രഖ്യാപനം നടത്തുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പറയുന്നു. ട്രൂഡോയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ പിഎംഒയിലെ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാവിലെ യോഗം ചേർന്നതായി സിടിവി ന്യൂസ് വ്യക്തമാക്കിയിരുന്നു.
ട്രൂഡോ നേതാവായി കൊണ്ടുള്ള 2025ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ജനപ്രീതിയെക്കുറിച്ച് പല എംപിമാരും കൂടുതൽ ആശങ്കാകുലരാണ്. ഒൻ്റാറിയോ, അറ്റ്ലാൻ്റിക്, ക്യൂബെക്ക്, ബീ.സി. കോട്ടസുകൾ ജസ്റ്റിൻ ട്രൂഡോയ്ക്കുള്ള പിന്തുണ പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.
ഈ മാസം അവിശ്വാസ വോട്ടെടുപ്പ് നടന്നാൽ എൻഡിപിയുടെ പിന്തുണയില്ലെങ്കിൽ സർക്കാർ പരാജയപ്പെടും. ലിബറൽ പാർട്ടിക്ക് നിലവിൽ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ ഹൗസ് ഓഫ് കോമൺസിലെ 338 അംഗങ്ങളിൽ ഭൂരിപക്ഷത്തിൻ്റെ പിന്തുണ ആവശ്യമാണ്.
ജസ്റ്റിൻ ട്രൂഡോ രാജിവെയ്ക്കും; സർക്കാർ വൃത്തങ്ങൾ
Reading Time: < 1 minute






