വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികളുടെ ഇഷ്ട ചോയ്സ് ആണ് കാനഡ. താൽക്കാലിക സ്റ്റുഡന്റ് സ്റ്റാറ്റസിൽ നിന്നും കാനഡയിലെ സ്ഥിരതാമസക്കാരിലേക്ക് മാറാനായി വിവിധതരത്തിലുള്ള അവസരങ്ങളാണ് രാജ്യം വിഭാവനം ചെയ്യുന്നത്. വിവിധ പെർമനന്റ് റസിഡൻസി ഓപ്ഷനുകളെ കുറിച്ച് അറിയാം.
എക്സ്പ്രസ് എൻട്രി പ്രോഗ്രാം
കാനഡയിലേക്ക് കുടിയേറാനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് എക്സ്പ്രസ് എൻട്രി സിസ്റ്റം. 2015-ൽ ആരംഭിച്ച ഈ സംവിധാനം സാമ്പത്തിക കുടിയേറ്റക്കാരെ സ്ഥിര താമസത്തിനായി തിരഞ്ഞെടുക്കുന്നതില്‍ നിർണായകമാണ്. റാങ്കിംഗ് സംവിധാനത്തിലൂടെയാണ് എക്സ്പ്രസ് എൻട്രി അനുവദിക്കുന്നത്. എക്സ്പ്രസ് എൻട്രി സംവിധാനത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി വിവിധങ്ങളായ അവസരങ്ങൾ ഉണ്ട്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്സ് ( സി ഇ സി ), ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം എന്നിവയിൽ ചിലതാണ്.
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം
കാനഡയിലെ പ്രവിശ്യകൾക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ അല്ലെങ്കിൽ പിഎൻപികൾ എന്ന് വിളിക്കപ്പെടുന്ന സ്വന്തം ഇമിഗ്രേഷൻ പ്രോഗ്രാമുകളുണ്ട്. പ്രവിശ്യകൾക്ക് വ്യത്യസ്‌ത ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ, അവരുടെ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ സാമ്പത്തികവും ജനസംഖ്യാപരവുമായ ആവശ്യങ്ങൾക്ക് അനുയോജ്യമായി അവർ തന്നെ തീരുമാനിക്കുക്കയാണ് ചെയ്യുന്നത്. ചില പ്രവിശ്യകളിൽ കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങളാണ് വെക്കുന്നത് എന്നതിനാല്‍ തന്നെ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ വേണ്ടത്ര ഉയർന്ന സ്കോർ നേടിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് പിഎൻപിയിലൂടെ കാനഡ കുടിയേറ്റം സാധ്യമാക്കാം
അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം
2017-ൽ പൈലറ്റ് പ്രോഗ്രാമായി ആരംഭിച്ച അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം കിഴക്കൻ കാനഡയുടെ വളർച്ചാ തന്ത്രമാണ്. AIP പ്രോഗ്രാം കാനഡയിൽ സ്ഥിരതാമസക്കാരാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ കൊണ്ടുവരുന്നു. തൊഴിലാളി ക്ഷാമം കുറയ്ക്കുന്നതിന് വിദേശ തൊഴിലാളികളെയും പുതുതായി പഠിച്ചിറങ്ങുന്ന വിദ്യാർഥികളെയും ഉപയോഗിക്കാൻ കാനഡയിലെ അറ്റ്ലാന്റിക് പ്രവിശ്യകൾ ഈ മാർഗം ഉപയോഗിക്കുന്നു. ന്യൂഫൗണ്ട്ലാൻഡ് & ലാബ്രഡോർ, ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോട്ടിയ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവയാണിത്.
റൂറൽ ആൻഡ് നോർത്തേൺ ഇമ്മിഗ്രേഷൻ പൈലറ്റ്
റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് 2024 അവസാനത്തോടെ ആരംഭിക്കും. തൊഴിലാളികളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും പ്രാദേശിക ബിസിനസ്സുകൾക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുന്നതിനുമുള്ള പ്രോഗ്രാമുകൾ ആക്സസ് ചെയ്യാനുള്ള കഴിവ് ഗ്രാമീണ സമൂഹങ്ങൾക്ക് തുടർന്നും ഉണ്ടെന്ന് ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു. നിർണായകമായ തൊഴിൽ ക്ഷാമം മറികടക്കാൻ സഹായിക്കുകയും ഈ ചെറിയ കമ്മ്യൂണിറ്റികളിൽ ദീർഘകാലം ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പുതുമുഖങ്ങൾക്ക് ഇത് സ്ഥിര താമസത്തിനുള്ള വഴികൾ നൽകുകയും ചെയ്യുന്നു.
അഗ്രികൾച്ചർ ആൻഡ് അഗ്രി ഫുഡ് പൈലറ്റ്
കാർഷിക ഉൽപ്പാദനം നിലനിർത്തുന്നതിനും വളർത്തുന്നതിനും ആവശ്യമായ തൊഴിലാളികളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായുള്ള പ്രോഗ്രാം ആണിത്. ഈ മേഖലയിലെ യോഗ്യരായ താൽക്കാലിക വിദേശ തൊഴിലാളികൾക്ക് കനേഡിയൻ സ്ഥിരതാമസത്തിലേക്കുള്ള പാത തുറക്കുന്നതിനായാണ് കാനഡ സർക്കാർ ഇത് അവതരിപ്പിച്ചത്.






