dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

വാടക ഗർഭധാരണം മനുഷ്യത്വ രഹിതം, ശിക്ഷാ നടപടികൾ ശക്തമാക്കാൻ ഇറ്റലി

Reading Time: < 1 minute

റോം: വാടക ഗർഭധാരണ രീതിക്കെതിരെ രൂക്ഷ വിമർശനവുമായി ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി. വാടക ഗർഭ ധാരണം വഴിയുള്ള രക്ഷകർതൃത്വം മനുഷ്യത്വരഹിതമാണെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി വിശദമാക്കിയത്. വാടക ഗർഭധാരണ രീതികൾ പിന്തുടരുന്നവരെ ശിക്ഷിക്കുന്നതിനായുള്ള ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയുടെ വിമർശനം. കുഞ്ഞുങ്ങളെ സൂപ്പർ മാർക്കറ്റ് ഉൽപ്പന്നങ്ങളായി കാണുന്ന മനുഷ്യത്വ രഹിതമായ രീതിയാണ് ഇതെന്നും മെലോണി വിശദമാക്കി.
വാടക ഗർഭധാരണം വഴിയുള്ള രക്ഷാകർതൃത്വം ഇറ്റലിയിൽ ഇതിനോടകം തന്നെ നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നവർക്ക് പിഴയും ജയിൽ ശിക്ഷയുമാണ് ഇറ്റലിയിൽ ശിക്ഷ ലഭിക്കുക. എന്നാൽ ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള ശ്രമമാണ് മെലോണിയുടെ നേതൃത്വത്തിലുള്ള ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി ശ്രമിക്കുന്നത്. ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ യാഥാസ്ഥിതിക അജണ്ടയുടെ ഭാഗമായാണ് ഈ നീക്കം.
ഗർഭപാത്രം വാടകയ്‌ക്കെടുക്കുന്നത് ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യത്തിൽ ഊന്നിയുള്ള പ്രവൃത്തിയാണെന്ന് ആരും തന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്നും മെലോണി പറഞ്ഞു. അതൊരു സ്നേഹം പ്രകടിപ്പിക്കുന്ന രീതിയായും ആരും വിശദമാക്കേണ്ടതില്ലെന്നാണ് വെള്ളിയാഴ്ച റോമിൽ നടന്ന സമ്മേളനത്തിൽ അവർ വ്യക്തമാക്കിയത്. ആഗോള തലത്തിൽ വാടക ഗർഭധാരണം കുറ്റകരമാക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും അവർ വിശദമാക്കി.
വാടക ഗർഭധാരണം നിയമവിധേയമായ രാജ്യങ്ങളിൽ നിന്ന് ഇറ്റലിക്കാർക്ക് കുഞ്ഞ് ജനിക്കുന്നത് തടയാനുള്ള ബില്ല് ഇറ്റാലിയൻ പാർലമെന്റ് ചർച്ച ചെയ്യുകയാണ്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വാടക ഗർഭധാരണം നിയമ വിധേയമാണ്.

Leave a comment

Your email address will not be published. Required fields are marked *