ഡൽഹിയിലെ ഉത്തം നഗറിലെ ഒരു സർക്കാർ സ്‌കൂളിന്റെ ചുവരിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കണ്ടെത്തി. സംഭവത്തിൽ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. എസ്‌ജെഎഫ്, ഖലിസ്ഥാൻ തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചുവരെഴുത്ത് അറിയപ്പെടുന്ന ഖലിസ്ഥാനി ഭീകരനും നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂനുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
2019 മുതൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നിരീക്ഷണത്തിന് കീഴിലുള്ള വ്യക്തയാണ് പന്നൂൻ. റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവിനെയും വധിക്കുമെന്ന് പന്നൂൻ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ജനുവരി 26ന് മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്താൻ ഇയാൾ ഗുണ്ടാനേതാക്കളോട് ആവശ്യപ്പെട്ടതായി പഞ്ചാബ് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഗുണ്ടകൾക്കെതിരെ സംസ്ഥാന പോലീസ് സേന സീറോ ടോളറൻസ് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കർശന നടപടിയെടുക്കുകയാണെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
