ബോളിവുഡ് നടി തപ്‌സി പന്നു വിവാഹിതയായി. ബാഡ്മിൻ്റൺ താരം മിത്തിയാസ് ബോയാണ് വരൻ. ഈ മാസം 23ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. ഇരുവരും കഴിഞ്ഞ പത്ത് വർഷമായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അനുരാഗ് കശ്യപും കനിക ധില്ലനും അടക്കം വളരെ ചുരുക്കം താരങ്ങൾക്ക് മാത്രമായിരുന്നു ക്ഷണം. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി തപ്‌സി ഉടൻ തന്നെ മുംബൈയിൽ പാർട്ടി നടത്തിയേക്കും.
ഇരുവരുടെയും പ്രീ വെഡ്‌ഡിങ് ആഘോഷങ്ങൾ ഈ മാസം 20 ന് ആരംഭിച്ചിരുന്നു. വിവാഹ ദിനത്തിൽ മാധ്യമശ്രദ്ധ വേണ്ടെന്ന തീരുമാനം മൂലമാണ് ചടങ്ങുകൾ സ്വകാര്യമായി നടത്തിയത് എന്നാണ് സൂചന. സിഖ്-ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന ചടങ്ങിൽ അനുരാഗ് കശ്യപും പവയിൽ ഗുലാത്തിയും പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.
2013ലെ ഇന്ത്യൻ ബാഡ്മിൻ്റൺ ലീഗിൻ്റെ ഉദ്ഘാടന വേളയിലാണ് തപ്‌സി പന്നുവും ഡാനിഷ് ബാഡ്മിൻ്റൺ കോച്ച് മത്യാസ് ബോയും കണ്ടുമുട്ടുന്നത്. തപ്‌സി അടുത്തിടെ ഒരഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയും അതില്‍ സന്തോഷവതിയാണെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു.







