ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള പരാമർശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലദ്വീപ് സർക്കാർ . മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയുന, അബ്ദുല്ല മഹ്‌സൂം മജീദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സർക്കാർ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു പ്രസ്താവനയിൽ മാലദ്വീപ് വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ മാലദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദ്, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തിൽ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും എക്സ് പ്ലാറ്റ് ഫോമിൽ പറഞ്ഞിരുന്നു. അതേസമയം മോദിക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്സിൽ നിന്നും ഇത് നീക്കം ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെയും സ്നോർക്കെല്ലിങ്ങിന്റെയും ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു
