ന്യൂഡൽഹി: ഇന്ത്യൻ നിർമിത ഐഫോൺ 16 പ്രോ, 16 പ്രോ മാക്സ് സീരീസ് എന്നിവ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് ആപ്പിൾ കമ്പനി അറിയിച്ചു. ആദ്യമായാണ് ഇന്ത്യയിൽ നിർമിച്ച ഈ ഇനം ഫോണുകൾ വിപണിയിലെത്തുന്നത്. ഇന്ത്യയിൽനിന്ന് ഇവ കയറ്റുമതി ചെയ്യുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2017 ലാണ് ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമാണം ആരംഭിച്ചത്. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയുൾപ്പെടെ മുഴുവൻ ഐഫോൺ 16 ലൈനപ്പും ആപ്പിൾ ഇപ്പോൾ ഇന്ത്യയിൽ നിർമിക്കുന്നു. പുണെ, ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായി ഇന്ത്യയിൽ നാല് സ്റ്റോറുകൾ കൂടി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 ഏപ്രിലിൽ ആപ്പിൾ ഡൽഹിയിലും മുംബൈയിലും സ്റ്റോറുകൾ തുറന്നിരുന്നു. അടുത്ത വർഷം കൂടുതൽ സ്റ്റോറുകൾ തുറക്കും.







