ചികിത്സാ പിഴവിനെ തുടർന്ന് മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സാന്ദ്ര സലീമിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമന്വയയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഗ്രാൻഡ് റിവർ ഹോസ്പ്പിറ്റലിനു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. രാവിലെ 11 മണിക്കാണ് പരിപാടി.
ഗ്രാൻഡ് റിവർ ഹോസ്പിറ്റലിൽ സാന്ദ്രയ്ക്ക് ലഭിച്ച വൈദ്യസഹായത്തെക്കുറിച്ച് സമഗ്രമായ അന്വേഷണമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ഭാവിയിൽ മറ്റാർക്കും ഇത്തരമൊരു അവഗണന ഉണ്ടാകാതിരിക്കാനും കൂടിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ഓരോ വ്യക്തിക്കും അർഹമായ പരിചരണവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഈ ഉദ്യമത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സമന്വയ സെക്രട്ടറി സൂരജ് അത്തിപ്പറ്റ അഭ്യർത്ഥിച്ചു.
അർബുദ രോഗബാധയെ തുടർന്നാണ് കൊണസ്റ്റോഗാ കോളേജ് വിദ്യാർത്ഥിനി സാന്ദ്ര സലീം മരിച്ചത്. കൃത്യസമയത്ത് രോഗനിർണയം നടത്താത്തതാണ് വിദ്യാർത്ഥിയുടെ ദാരുണാന്ത്യത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
