ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ ക്യാൻസർ ബാധിതനാണെന്ന് വിവരം എറെ ഞെട്ടലോടെയാണ് ലോകം ചെവിക്കൊണ്ടത്. തൻ്റെ 73-ാം വയസ്സിലാണ് ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിക്കുന്നത്. ബേക്കിംങ്ഹാം കൊട്ടാരം (Buckingham Palace) പുറത്തുവിട്ട പ്രസ്താവനയിലാണ് ചാൾസ് രാജാവ് അസുഖബാധിതനാണെന്ന് വിവരം ലോകം അറിഞ്ഞത്. 2022 സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞി അന്തരിച്ചതിനു പിന്നാലെയാണ് ചാൾസ് രാജാവായി സ്ഥാനമേറ്റത്.
ചാൾസ് മൂന്നാമൻ രാജാവ് ക്യാൻസർ രോഗബാധിതനാണെന്ന് കഴിഞ്ഞ ദിവസം ബേക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയിൽ അർബുദം ബാധിച്ചതായി കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. അതേസമയം ഏത് തരത്തിലുള്ള ക്യാൻസറാണ് ചാൾസ് രാജാവിനെ ബാധിച്ചിരിക്കുന്നതെന്ന വിവരം പുറത്തു വന്നിട്ടില്ല. അസുഖവുമായി ബന്ധപ്പെട്ട് ചികിത്സകൾ തുടരുകയാണെന്നും ചികിത്സകളോട് ചാൾസ് രാജാവ് പോസിറ്റീവായിട്ടാണ് പ്രതികരിക്കുന്നതെന്നും ബേക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജാവ് എത്രയും വേഗം തൻ്റെ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ചാൾസ് രാജാവിൻ്റെ അസുഖം ഏത് ഘട്ടത്തിലാണെന്നും ശരീരത്തിൻ്റെ ഏത് ഭാഗത്താണ് അസുഖം ബാധിച്ചതെന്നും കൊട്ടാരം അറിയിച്ചിട്ടില്ല.
പതിവ് ചികിത്സയ്ക്കിടെയാണ് ചാൾസ് രാജാവിന് ക്യാൻസർ ബാധിച്ചതായി കണ്ടെത്തിയതെന്നാണ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നത്. ഇക്കാരണത്താൽ,പതിവ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ചാൾസ് രാജാവിന് ഡോക്ടർമാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ അദ്ദേഹം തൻ്റെ സ്ഥാനത്ത് തുടരുമെന്നാണ് വിവരം.
