പൊതു സർവ്വകലാശാലകളിലും കോളേജുകളിലും ഏകദേശം എല്ലാ വിദേശ വിദ്യാർഥികളെയും ഉൾക്കൊള്ളിക്കുമെന്ന് ഒന്റാരിയോ ഗവൺമെന്റ്. 96 ശതമാനത്തോളം വിദേശ വിദ്യാർത്ഥികളെ പൊതു സ്ഥാപനങ്ങളിൽ എത്തിക്കാനാണ് ഫോർഡ് ഗവൺമെന്റിന്റെ നീക്കം. മിച്ചമുള്ള നാല് ശതമാനം ഭാഷാ സ്കൂളുകളിലും സ്വകാര്യ സർവകലാശാലകളിലും മറ്റ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കപ്പെടും.
മികച്ച അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുക വഴി തങ്ങളുടെ പോസ്റ്റ് സെക്കന്ററി വിദ്യാഭ്യാസ സംവിധാനത്തിന്റെ സമഗ്രത സംരക്ഷിക്കപ്പെടുകയാണെന്ന് പ്രാവിശ്യയുടെ യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് മിനിസ്റ്റർ ജിൽ ഡൺലോപ്പ് പറഞ്ഞു. രാജ്യത്തിന്റെ തൊഴിൽമേഖലയുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള പ്രോഗ്രാമുകളിലേക്ക് വിദേശ വിദ്യാർത്ഥികൾ എൻറോൾ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോസ്റ്റ് സെക്കന്ററി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തിയ ഫെഡറൽ നയത്തിന്റെ അനുരണമാണ് ഈ നിയമം. കാനഡയിലെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി 2024-ൽ പുതിയ പഠന വിസകളിൽ 35 ശതമാനം കുറവുണ്ടാകുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞിട്ടുണ്ട്.
