രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് കോണ്‍ഗ്രസ്. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ റോള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം പാസാക്കിയതായി കെസി വേണുഗോപാല്‍ അറിയിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ത്ഥിച്ചു എന്ന് വേണുഗോപാല്‍ പറഞ്ഞു.
പാര്‍ലമെന്റിനുള്ളില്‍ നേതൃത്വം നല്‍കാന്‍ ഏറ്റവും നല്ല വ്യക്തി രാഹുലാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ അദ്ദേഹം ഉടന്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. തങ്ങളുടെ നേതാവും പ്രവര്‍ത്തകരും ഊര്‍ജ്വസ്വലരായതോടെ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് തുടക്കമായെന്ന് വേണുഗോപാല്‍ പറഞ്ഞു.
പ്രവര്‍ത്തക സമിതിയിലെ അന്തരീക്ഷം നാല് മാസം മുമ്പുണ്ടായിരുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ നിര്‍ഭയനും ധീരനുമാണ് എന്നും അദ്ദേഹം പ്രതിപക്ഷ നേതാവാകണം എന്നത് തങ്ങളുടെ അഭ്യര്‍ത്ഥനയായിരുന്നു എന്നും കോണ്‍ഗ്രസ് രാജ്യസഭാ എംപി പ്രമോദ് തിവാരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പ്രധാനമായും വേറിട്ടുനിര്‍ത്തേണ്ടത് അദ്ദേഹം രൂപകല്പന ചെയ്യുകയും നയിക്കുകയും ചെയ്ത ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും കാരണമാണ്. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും പ്രതിഫലിപ്പിച്ച ഈ രണ്ട് യാത്രകളും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിലെ ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി
Reading Time: < 1 minute






