ന്യൂയോർക്കിൽ ഭീകരാക്രമണം ആസൂത്രണം ചെയ്തുന്നതിനിടെ ക്യുബെക്കിൽ അറസ്റ്റിലായ ഐഎസ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരൻ കാനഡയിലെത്തിയത് സ്റ്റുഡൻ്റ് വിസയിലെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. ന്യൂയോര്‍ക്കിലെ ഒരു ജൂത കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന മുഹമ്മദ് ഷാസെബ് ഖാന്(20) ആണ് ക്യുബെക്കിൽ അറസ്റ്റിലായത്. ഇസ്രയേല്‍ ഹമാസ് ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 7 ന് ആക്രമണം നടത്താനായിരുന്നു പദ്ധതി. യുഎസ് അതിര്‍ത്തിയിലേക്ക് പോകുകയായിരുന്ന ഇയാള്‍ യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപമുള്ള ക്യുബെക്കിലെ ഓംസ്റ്റൗണില് വെച്ചാണ് അറസ്റ്റിലായത്.
പാകിസ്ഥാൻ പൗരനായ ഖാൻ 2023 മെയ് മാസത്തിൽ സ്റ്റുഡൻ്റ് വിസ നേടിയതായും അതേ വർഷം ജൂണിൽ കാനഡയിൽ എത്തിയതായും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ഇതിനെ ഗൗരവത്തോടെ കാണുന്നതായും മന്ത്രി വ്യക്തമാക്കി.
ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ഒരു ജൂത കേന്ദ്രത്തിൽ ഐഎസിനെ പിന്തുണച്ച് വൻതോതിൽ ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഖാൻ പദ്ധതിയിട്ടിരുന്നതായി യുഎസ് അധികൃതർ വ്യക്തമാക്കി.







