ആഴ്ചയിൽ 24 മണിക്കൂറായി വിദേശ വിദ്യാർത്ഥികളുടെ തൊഴിൽ സമയം ഈ ആഴ്ച ഫെഡറൽ സർക്കാർ പരിമിതപ്പെടുത്തുന്നതിലൂടെ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഇന്ത്യൻ വിദ്യാർത്ഥികൾ കാര്യമായ സാമ്പത്തിക വെല്ലുവിളിയാകുമെന്നാണ് സൂചന. ജോലി ചെയ്യാനുള്ള സമയം പരിമിതപ്പെടുത്തിയതോടെ വിദ്യാർത്ഥികളുടെ വരുമാനത്തിൽ സാരമായ കുറവുണ്ടാകും. ഇത് അവർക്ക് ഫീസ് അടക്കാനുള്ള വരുമാനമുൾപ്പടെയുള്ള കാര്യങ്ങളെ ബാധിച്ചേക്കും. അവധിക്കാലത്ത് കൂടുതൽ സമയം ജോലിയെടുക്കുന്നതിന് തടസ്സമുണ്ടാകില്ല.
ആഴ്ചയിൽ 20 മണിക്കൂർ ജോലി സമയം തൊഴിലാളി ക്ഷാമം കാരണം കൊവിഡ് കാലത്ത് മാറ്റിയിരുന്നു. എന്നാൽ സെപ്തംബറിൽ വിദേശ വിദ്യാർത്ഥികളുടെ തൊഴിൽ സമയം 24 മണിക്കൂറായി പരിമിതപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മിനിസറ്റർ മില്ലർ വ്യക്തമാക്കിയിരുന്നു.
രണ്ടേകാൽ ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ
വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി 5.5 ലക്ഷം വിദ്യാർത്ഥികളാണ് കാനഡയിൽ പഠിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളവരാണ് കൂടുതലുള്ളത്. രണ്ടേകാൽ ലക്ഷം പേർ ഇന്ത്യയിൽ നിന്നാണെന്നാണ് 2022 ലെ കണക്ക്. കേരളത്തിൽ നിന്നും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ കാനഡയിലെ വിവിധ കോളേജുകളിലുണ്ട്. പലരും വായ്പയെടുത്താണ് അങ്ങോട്ട് പോയിട്ടുള്ളത്. പഠത്തോടൊപ്പം ജോലിയെടുത്ത് വായ്പകളുടെ തിരിച്ചടവ് നടത്തുന്നവരുമുണ്ട്. പുതിയ നിയമത്തോടെ അവരുടെ വരുമാനത്തിൽ കുറവ് വരും. ഇത് വായ്പാ തിരിച്ചടവുകളെ വരെ ബാധിക്കാം.
