യു.എസിലെ ലോസ് ആഞ്ജലസിൽ പടരുന്ന കാട്ടുതീ ഇപ്പോഴും നിയന്ത്രണാതീതമാണ്. 24 പേർ കാട്ടുതീയിൽ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. മേഖലയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന കാറ്റ് കാട്ടുതീ കൂടുതൽ മേഖലയിലേക്ക് അതിവേഗം പടരുന്നതിന് കാരണമാകുന്നുണ്ട്. ലോസ് ആഞ്ജലസ് കാട്ടുതീയുടെ ഫോട്ടോകളും വിഡിയോകളും കാണുന്നവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകാം. കാട്ടുതീ അണയ്ക്കുന്നതിനായി വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമായി എത്തി പിങ്ക് നിറത്തിലുള്ള ഒരു വസ്തു ആകാശത്ത് നിന്ന് താഴേക്ക് ചൊരിയുന്നത്. എന്താണിതെന്ന സംശയം പലർക്കുമുണ്ടാകാം.
‘ഫോസ്-ചെക്ക്’ എന്ന മിശ്രിതമാണ് തീയെ പ്രതിരോധിക്കാനായി മേഖലയിൽ വ്യാപകമായി വിതറുന്നത്. പലതരത്തിലുള്ള അഗ്നിപ്രതിരോധ വസ്തുക്കൾ വിപണിയിൽ ലഭ്യമാണെങ്കിലും വലിയ തീപിടിത്തങ്ങൾ തടയുന്നതിന് അമേരിക്കയിൽ ഉപയോഗിച്ചുവരുന്നത് ഫോസ്-ചെക്കാണ്. പെരിമീറ്റർ സൊലൂഷൻസ് എന്ന കമ്പനിയാണ് ഇതിന്‍റെ ഉൽപ്പാദകർ.
വെള്ളം, അമോണിയം നൈട്രേറ്റ്, അമോണിയം പോളിഫോസ്ഫേറ്റ്, ഡൈ അമോണിയം സൾഫേറ്റ്, ഗുവാർ ഗം, അറ്റാപൾഗസ് ക്ലേ തുടങ്ങിയവയാണ് ഇതിന്‍റെ ഘടകങ്ങൾ. ഈ സംയുക്തം ചെന്നുവീഴുന്ന വസ്തുക്കളെ മൂടിക്കിടക്കുകയും അതുവഴി ഓക്സിജനുമായുള്ള രാസപ്രവർത്തനം തടയുകയും തീപിടിക്കുന്നത് ഒഴിവാക്കുകയുമാണ് ചെയ്യുന്നത്.
വിമാനങ്ങളിലും മറ്റുമായി ചെന്ന് വൻതോതിൽ പ്രയോഗിക്കുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് കൃത്യമായി തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഫോസ്-ചെക്കിന് കടുത്ത നിറം നൽകുന്നത്. ചുവപ്പ്, ഓഫ് വൈറ്റ് നിറങ്ങളിലുള്ള ഫോസ്-ചെക്കുകളുമുണ്ട്. ഇത് ഒരു പ്രതലത്തിൽ വന്നുവീണ് സൂര്യപ്രകാശമേറ്റ് ഏതാനും സമയത്തിനകം ഈ നിറം മങ്ങിവരും.
ലോസ് ആഞ്ജലസിൽ 40,000 ഏക്കർ പ്രദേശമാണ് ഇതിനകം കാട്ടുതീ ചുട്ടെരിച്ചത്. ഒന്നരലക്ഷം പേരെ പ്രദേശത്തുനിന്ന് കുടിയൊഴിപ്പിച്ചു.
കാട്ടുതീയെ പ്രതിരോധിക്കാൻ പിങ്ക് പൗഡര്‍; എന്താണ് ഫോസ്-ചെക്ക് സൊല്യൂഷന്‍?

Reading Time: < 1 minute