വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അത്ഭുത വിരുന്നൊരുക്കിയിരിക്കുകയാണ് ഇന്നലെ ദൃശ്യമായ സമ്പൂര്‍ണ സൂര്യഗ്രഹണം. സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മറച്ചതോടെ ആകാശം പട്ടാപ്പകല്‍ ഇരുണ്ടത് ഏറെ കൗതുകമായി.
ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42ന് ആരംഭിച്ച സൂര്യഗ്രഹണം വൈകിട്ട് 4.52 ഓടെ( ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9.13 – ഇന്ന് പുലര്‍ച്ചെ 2.22 )പൂര്‍ണമായി. പസഫിക് സമുദ്രത്തിലെ കുക്ക് ഐലന്‍ഡിന് മുകളില്‍ ആദ്യം ദൃശ്യമായ ഗ്രഹണം മെക്‌സിക്കോയിലും 13 യു.എസ് സംസ്ഥാനങ്ങളിലും ദൃശ്യമായി. കാനഡയിലെ ന്യൂഫൗണ്ട്ലാന്‍ഡും ലാബ്രഡോറുമാണ് സമ്പൂര്‍ണ ഗ്രഹണത്തിന് അവസാനം സാക്ഷ്യം വഹിച്ച വടക്കേ അമേരിക്കന്‍ പ്രദേശങ്ങള്‍.
സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മൂടുന്ന ഘട്ടം (ടോട്ടാലിറ്റി) 4 മിനിറ്റും 28 സെക്കന്‍ഡും നീണ്ടു. ഓരോ സ്ഥലത്തും ദൈര്‍ഘ്യത്തിന് വ്യത്യാസമുണ്ടായിരുന്നു. വടക്കേ അമേരിക്കയില്‍ ആദ്യമായി ഈ ഘട്ടം ദൃശ്യമായത് മെക്‌സിക്കോയുടെ പസഫിക് തീരത്തുള്ള മസറ്റ്‌ലാനിലാണ്. ഉച്ചയ്ക്ക് 2.07 നായിരുന്നു ഇത് (ഇന്ത്യന്‍ സമയം രാത്രി 11.37). തുടര്‍ന്ന് തെക്കുകിഴക്കന്‍ ദിശയിലെ പ്രദേശങ്ങളില്‍ ഗ്രഹണം പൂര്‍ണമായും ദൃശ്യമായി. 2.27ന് യു.എസിലെ ടെക്‌സസില്‍ ദൃശ്യമായിത്തുടങ്ങി.
പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ട മേഖലയിലടക്കം നിരവധി പേര്‍ ഗ്രഹണം കാണാന്‍ ഒത്തുകൂടിയിരുന്നു. കണ്ണുകളുടെ സുരക്ഷയ്ക്ക് പ്രത്യേക ലെന്‍സ്, സോളാര്‍ ഫില്‍ട്ടര്‍ എന്നിവ ഉപയോഗിച്ചിരുന്നു. നയാഗ്രയില്‍ വൈകിട്ട് 4.18 ഓടെയാണ് പൂര്‍ണ ഗ്രഹണം ആരംഭിച്ചത്.
ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും ലക്ഷക്കണക്കിന് പേരാണ് മൂന്ന് മണിക്കൂര്‍ നീണ്ട നാസയുടെ തത്സമയ സംപ്രേക്ഷണത്തിന് യൂട്യൂബിലൂടെ സാക്ഷിയായത്. നാസയുടെ കണക്കനുസരിച്ച് ആകെ 3.15 കോടിപ്പേര്‍ ഗ്രഹണം കണ്ടെന്നാണ് വിവരം.
ദൃശ്യ വിരുന്നൊരുക്കി സമ്പൂര്‍ണ സൂര്യഗ്രഹണം

Reading Time: < 1 minute