പാരിസ്: ലോകപ്രശസ്‌ത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസ ചിത്രത്തിലേക്ക് സൂപ്പൊഴിച്ച് പ്രതിഷേധം. പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിലേക്ക് പരിസ്ഥിതി പ്രവർത്തകരായ രണ്ട് സ്ത്രീകളാണ് മത്തൻ സൂപ്പ് ഒഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ആവരണം ഉള്ളതിനാൽ പെയിന്റിങ്ങിന് കേടുപാടുകൾ സംഭവിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് ഇവർ എത്തിയത്.
ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാജ്യത്തെ കാർഷിക സമ്പ്രദായത്തിന്റെ സ്ഥിതി ദയനീയമാണെന്നും കർഷകർ തൊഴിലിടങ്ങളിൽ മരിക്കുകയാണെന്നും അവർ പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്‌തു. ‘റിപോസ്റ്റ് അലിമെന്‍റ്റെയർ’ സംഘടനയിലെ അംഗങ്ങളാണ് ഇവർ. ഫ്രാൻസിൽ വൻ കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഈ പ്രതിഷേധമുണ്ടായത്. മെച്ചപ്പെട്ട വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ സമരം. 2022 മേയിൽ മൊണാലിസ പെയിന്റിങ്ങിലേക്ക് ഒരാൾ കേക്ക് എറിഞ്ഞ് പ്രതിഷേധിച്ചിരുന്നു.
