കാനഡയിൽ അഭയം തേടുന്നവരുടെ ( അസൈലം ) അപേക്ഷകളിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി സർക്കാർ. അതോടെ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തികളുടെ നാടുകടത്തൽ വേഗത്തിലാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാനഡയിൽ അഭയം തേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1500 ശതമാനം മടങ്ങ് വർധനവാണ് അടുത്തിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അപേക്ഷകൾ വിദ്യാർത്ഥികൾ കാനഡയിലെ അനുമതി ലഭിച്ച താമസ കാലാവധി കഴിഞ്ഞതിനുശേഷവും രാജ്യത്ത് തുടരാൻ വേണ്ടി നൽകുന്നതാണെന്ന ആശങ്കകൾ ഉയർന്നിട്ടുണ്ട്.
2024 ലെ ഫെഡറൽ ബജറ്റിൽ സൂചനാത്മകമായ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. വേഗത്തിലുള്ള തീരുമാനങ്ങളെയും നീക്കംചെയ്യലുകളെയും പിന്തുണയ്ക്കുന്നതിനായി, അഭ്യർത്ഥന പ്രക്രിയ ലളിതവത്കരിക്കുന്നതിനും ഫലപ്രദമാക്കുന്നതിനുമായി ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജീ പ്രൊട്ടക്ഷൻ ആക്ടിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ബജറ്റ് നിർദ്ദേശിക്കുന്നു. ഈ വർഷം മാർച്ച് മുതൽ 46,736 വ്യക്തികൾ കാനഡയിൽ അഭയം തേടിയതായി ഐആർബി റിപ്പോർട്ട് പറയുന്നു. 2023ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 62% വർധനവാണ്. കൂടാതെ, അപേക്ഷകളുടെ ബാക്ക്ലോഗ് 186,000 ആണെന്ന് സർക്കാർ റിപ്പോർട്ട് ചെയ്യുന്നു.
കാനഡയിലെ ഭവന പ്രശ്നത്തിൻ്റെ ഒരു ഭാഗം താൽക്കാലിക കുടിയേറ്റത്തിൻ്റെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നതായും താത്കാലിക കുടിയേറ്റം കാനഡയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമാണെന്നും നിയന്ത്രണം ആവശ്യമാണെന്നും അടുത്തിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. അപേക്ഷകളുടെ എണ്ണത്തിനൊപ്പം അഭയാർഥികളുടെ കാത്തിരിപ്പും വർധിച്ചിട്ടുണ്ട്.
നാടുകടത്തൽ വേഗത്തിലാക്കാൻ പുതിയ നിയമങ്ങൾ കൊണ്ടുവരാൻ കാനഡ
Reading Time: < 1 minute






