അമേരിക്കയില്‍ മലയാളി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. കാലിഫോര്‍ണിയയിലെ 17 കോടിയോളം വിലവരുന്ന ആഡംബര വസതിയില്‍ തിങ്കളാഴ്ചയാണ് കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്‌നേഹയില്‍ ആനന്ദ് സുജിത് ഹെന്‍ട്രിയെയും ഭാര്യ ആലീസ് പ്രിയങ്കയെയും ഇവരുടെ ഇരട്ടക്കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം കുട്ടികളെ മരുന്ന് ഓവര്‍ ഡോസ് നല്‍കിയോ അല്ലെങ്കില്‍ തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചോ, കഴുത്ത് ഞെരിച്ചോ കൊന്നതാവാം എന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ ശരീരത്തില്‍ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോലീസ് വിശദമാക്കി. അഞ്ച് കിടപ്പുമുറികളുള്ള വസതിയിലെ കിടപ്പുമുറികളിലൊന്നിലാണ് കുട്ടികളുടെ മൃതദേഹം ഉണ്ടായിരുന്നത്. 9എംഎം പിസ്റ്റള്‍ ഉപയോഗിച്ച് ആനന്ദ് ആലീസിന് നേരെ നിരവധി തവണയാണ് നിറയൊഴിച്ചത്. ലോഡ് ചെയ്ത നിലയിലുള്ള തോക്കും ദമ്പതികളുടെ മൃതശരീരങ്ങള്‍ കിടന്ന കുളിമുറിയില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ബന്ധുക്കള്‍ ഫോണ്‍ വിളിച്ചിട്ട് ആനന്ദും ഭാര്യയും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സാന്‍ മറ്റേയോ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ 2016ല്‍ വിവാഹമോചന ഹര്‍ജി ദമ്പതികള്‍ ഫയല്‍ ചെയ്തിരുന്നുവെങ്കിലും ബന്ധം വേര്‍പിരിഞ്ഞിരുന്നില്ല. ഇതിന് ശേഷമാണ് ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ പിറന്നത്. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്‍ട്രിയുടെയും വിരമിച്ച അധ്യാപിക ശാന്തമ്മയുടെയും മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ വെളിയില്‍വീട്ടില്‍ പരേതനായ ബെന്‍സിഗറിന്റെയും ജൂലിയറ്റിന്റെയും മകളാണ് ആലീസ്. ഏഴു വര്‍ഷം മുന്‍പാണ് കുടുംബം അമേരിക്കയിലേക്കു പോയത്.
