കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തിലേക്ക്. ജൂണ്‍ 19 മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ പുനരാരംഭിക്കുമെന്ന് വിദ്യാര്‍ത്ഥിനേതാക്കളില്‍ ഒരാളായ രൂപീന്ദര്‍ പാല്‍ സിങ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുമ്പ് മെയ് 24 മുതല്‍ നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ ജൂണ്‍ ഒന്നിന് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡ് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ അത് താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.
ജൂണ്‍ 20-ന് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (പിഎന്‍പി) നറുക്കെടുപ്പിന് മുന്നോടിയായാണ് വീണ്ടും പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിക്കുന്നതെന്ന് രൂപീന്ദര്‍ പാല്‍ സിങ് പറയുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രതിഷേധത്തില്‍ ഏകദേശം ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രൂപീന്ദര്‍ പറഞ്ഞു.
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, അതിന്റെ ആരോഗ്യ സംരക്ഷണത്തിലും പാര്‍പ്പിട അടിസ്ഥാന സൗകര്യങ്ങളിലുമുള്ള പരിമിതി ചൂണ്ടിക്കാട്ടിയാണ് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് അതിന്റെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (പിഎന്‍പി) ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്.ഇമിഗ്രേഷന്‍ നിയമങ്ങള്‍ പെട്ടെന്ന് മാറ്റുകയും വര്‍ക്ക് പെര്‍മിറ്റ് നിരസിക്കുകയും ചെയ്തതായി പ്രതിഷേധിക്കുന്ന ഇന്ത്യക്കാര്‍ ആരോപിക്കുന്നു. ബിരുദം നേടിയെങ്കിലും ഈ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നാടുകടത്തല്‍ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. 2024-ല്‍ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിലൂടെ ഇന്‍വിറ്റേഷന്‍ നല്‍കുന്നവരുടെ എണ്ണം 25% കുറയ്ക്കുമെന്ന് പ്രവിശ്യ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, പ്രത്യേക യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് പരിമിതപ്പെടുത്തുന്ന നിയമവും പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡ് സര്‍ക്കാർ പാസാക്കിയിരുന്നു. നിര്‍മ്മാണം, വീട് നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പെര്‍മിറ്റ് അനുവദിക്കുന്നത്.
നാടുകടത്തല്‍ ഭീഷണി; ബുധനാഴ്ച മുതല്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
Reading Time: < 1 minute






