ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. മാര്‍പ്പാപ്പയെ ആലിംഗനം ചെയ്ത മോദി ഇന്ത്യ സന്ദര്‍ശിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.’ജി7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു. ആളുകളെ സേവിക്കാനും നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു,’ സോഷ്യല്‍ പ്ലാറ്റ്ഫോമായ എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.2021-ല്‍ വത്തിക്കാനില്‍ വെച്ച് മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിരുന്നു. 2013 ല്‍ കത്തോലിക്കാ സഭയുടെ തലവനായി ചുമതലയേറ്റ മാര്‍പ്പാപ്പയുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. എങ്കിലും മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം നീണ്ടുപോയി. ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പ്പാപ്പയെ ഔദ്യോഗികമായി സര്‍ക്കാര്‍ ക്ഷണിക്കണമെന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തില്‍ നിന്നുള്ള ബിഷപ്പുമാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. മാര്‍പ്പാപ്പയെ ക്ഷണിക്കാമെന്ന് മോദി ഉറപ്പ് നല്‍കുകയും ചെയ്തു. 2013 ല്‍ ചുമതലയേറ്റ മാര്‍പ്പാപ്പക്ക് ഇനിയും ഇന്ത്യ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കാത്തതില്‍ സഭകള്‍ക്ക് നിരാശയുണ്ട്.
അന്തരിച്ച അടല്‍ ബിഹാരി വാജ്പേയി 2000 ല്‍ വത്തിക്കാനിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കണ്ടിരുന്നു. ഇതിന് ശേഷം മാര്‍പ്പാപ്പയെ കാണുന്ന പ്രധാനമന്ത്രി മോദിയാണ്.
മാര്‍പ്പാപ്പയെ ആലിംഗനം ചെയ്തും, ഇന്ത്യയിലേക്ക് ക്ഷണിച്ചും മോദി
Reading Time: < 1 minute






