ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട് ഇന്ത്യൻ നഗരവും. ടൈംസ് ഔട്ട് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യൻ നഗരവും ഉൾപ്പെട്ടത്. മുംബൈയാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ നഗരം. വടപാവാണ് മുംബൈയിൽ നിന്നും ഉറപ്പായും കഴിച്ചിരിക്കേണ്ട ഭക്ഷണമെന്നും ടൈംസ് ഔട്ട് വെബ്സൈറ്റ് പറയുന്നു. ഇറ്റാലിയ നഗരമായ നേപ്പിൾസാണ് പട്ടികയിൽ ഒന്നാമത്. മാർഗരീത്ത പിസ്സയാണ് നേപ്പിൾസിലെ പ്രധാന ഭക്ഷ്യവിഭവം. ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹന്നാസ്ബർഗാണ് പട്ടികയിൽ രണ്ടാമതായി ഇടംപിടിച്ച നഗരം. കോറ്റ സാൻഡ്‍വിച്ചാണ് ഇവിടെ ഉറപ്പായും കഴിക്കേണ്ട ഭക്ഷ്യവിഭവം. പെറുവിന്റെ തലസ്ഥാനമായ ലിമയാണ് മൂന്നാമത്. പെറുവിയൻ പരമ്പരാഗത രീതിയിൽ പാകം ചെയ്യുന്ന സെവിച്ചെയെന്ന മത്സ്യവിഭവമാണ് ലിമയിലെ ഉറപ്പായും കഴിച്ചിരിക്കേണ്ട ഭക്ഷ്യവിഭവം.
വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയാണ് നാലാമത്. ഫോ സൈഗോൺ എന്നറിയപ്പെടുന്ന വിയറ്റ്നാം സൂപ്പാണ് ഇവിടത്തെ ഏറ്റവും വിശിഷ്ടമായ ഭക്ഷ്യവിഭവം. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങാണ് പട്ടികയിൽ അഞ്ചാമതായി ഇടംനേടിയത്. താറാവ് കൊണ്ട് തയാറാക്കുന്ന പെക്കിങ് ഡെക്കാണ് ബീജിങ്ങിൽ ഉറപ്പായും കഴിച്ചിരിക്കേണ്ട ഭക്ഷ്യവിഭവങ്ങളിൽ ഒന്ന്. ടൈം ഔട്ട് വെബ്സൈറ്റിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഡിറ്റർമാരും വായനക്കാരും ചേർന്നാണ് പട്ടിക തയാറാക്കിയതെന്ന് വെബ്സൈറ്റ് അറിയിച്ചു.
ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന 20 നഗരങ്ങൾ; പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ നഗരം
Reading Time: < 1 minute






