രാജ്യാന്തര വിദ്യാർത്ഥികൾ സ്റ്റുഡന്റ് വിസ ആപ്ലിക്കേഷന് ഒപ്പം നൽകുന്ന സമ്മതപത്രം പരിശോധിക്കുന്നതിനായി പുതിയ നടപടികൾ സ്വീകരിച്ച് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). രാജ്യത്തെ ഇന്റർനാഷണൽ സ്റ്റുഡന്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
ഇത് പ്രകാരം സ്റ്റുഡന്റ് വിസ ആപ്ലിക്കേഷന് ഒപ്പം നൽകുന്ന സമ്മതപത്രം പരിശോധിക്കുന്നതിനുവേണ്ടി നിർദ്ദിഷ്ട പഠന സ്ഥാപനങ്ങൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ചിരിക്കുകയാണ് ഐആർസിസി. ഈ പോർട്ടൽ വഴിയാണ് ഉത്തരവാദിതപ്പെട്ട സ്ഥാപനങ്ങൾ ഇനി സമ്മത പത്രം പരിശോധിക്കുക. പത്ത് ദിവസത്തെ സമയമാണ് ഇവർക്ക് ഇതിനായി നൽകിയിട്ടുള്ളത്. ഈ സമയപരിധിക്കുള്ളിൽ സമ്മതപത്രത്തിനു സാധുത നൽകാൻ സാധിക്കാതിരിക്കുകയോ ലെറ്റർ വ്യാജമാണെന്ന് കണ്ടെത്തുകയോ ചെയ്താൽ സ്റ്റുഡന്റ് വിസ ആപ്ലിക്കേഷൻ റദ്ദാക്കപ്പെടുകയും അപേക്ഷകന് തിരിച്ചയക്കുകയും ചെയ്യും. പ്രൊസസിംഗിനായി വിദ്യാർത്ഥികൾ അടക്കുന്ന ഫീസും തിരികെ നൽകും.
കാനഡയിലെ ഇൻ്റർനാഷണൽ സ്റ്റുഡന്റസ് പ്രോഗ്രാം, ഇമിഗ്രേഷൻ കൺസൾട്ടന്റുമാർ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റങ്ങൾ.
