ഇൻഷുറൻസ് ഉൾപ്പെടെയുള്ള ധനകാര്യ സേവനങ്ങൾ നൽകുന്ന മാനുലൈഫ് ഫിനാൻഷ്യൽ കോർപ്പറേഷനും ഗ്രോസറി റീട്ടെയിൽ സ്ഥാപനമായ ലോബ് ലോയും തമ്മിലുള്ള ഇടപാടിൽ ആശങ്ക രേഖപ്പെടുത്തി വ്യവസായ വകുപ്പ് മന്ത്രി ഫ്രാങ്ക്‌സ്വാ ഫിലിപ്പ് ഷാംപെയിൻ. മാനുലൈഫിന്റെ ആരോഗ്യ ഇൻഷുറൻസ് എടുത്ത ആളുകൾക്ക് ക്യാൻസർ ഉൾപ്പെടെയുള്ള മാരകമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ ലോബ് ലോ ഉടമസ്ഥതയിലുള്ള ഫാർമസികളിൽ നിന്നും മാത്രമേ വാങ്ങാൻ സാധിക്കൂ എന്ന ധാരണയ്ക്കെതിരെയാണ് പ്രസ്താവന. ഗുരുതരമായ രോഗങ്ങൾക്കുള്ള 260ഓളം മരുന്നുകളുടെ വിതരണത്തെ ബാധിക്കുന്ന ഈ ധാരണ സർക്കാർ പുനപരിശോധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജനുവരി മാസം ആദ്യമാണ് ഇത്തരം വിവാദമായ ഒരു നീക്കം മാനുലൈഫ് ഫിനാൻഷ്യൽ കോർപ്പറേഷൻ പ്രഖ്യാപിച്ചത്. ജനുവരി 22 മുതൽ ഷോപ്പേഴ്സ് ഡ്രഗ് മാർട്ട് പോലെ ലോബ് ലോയുടെ ഉടമസ്ഥതയിലുള്ള ഫാർമസികളിൽ നിന്ന് മാത്രമേ മാനുലൈഫിന്റെ സ്പെഷാലിറ്റി ഡ്രഗ്സ് ലഭിക്കുകയുള്ളു എന്നാണ് കമ്പനി പോളിസി ഉടമകളെ അറിയിച്ചത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ക്രോണ്‍സ് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ്, പൾമണറി ഹൈപ്പർടെൻഷൻ, കാൻസർ, ഓസ്റ്റിയോ പൊറോസിസ്, ഹെപ്പറ്റൈറ്റിസ്-സി തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ ആവശ്യമുള്ള രോഗികളാണ് കമ്പനികളുടെ പുതിയ നിലപാട് കാരണം ബാധിക്കപ്പെടുക.
