ഐഎസ്‌എൽ ഫുട്‌ബോളിൽ സെമി കാണാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തായതിന് പിന്നാലെ പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. നോക്കൗട്ടിൽ ഒഡിഷയോട് തോറ്റായിരുന്നു മടക്കം. മൂന്ന് സീസണുകളായി പരിശീലകസ്ഥാനത്തുണ്ട് ഈ സെർബിയക്കാരൻ. 2021ൽ, സ്ഥാനമേറ്റ ആദ്യവർഷംതന്നെ റണ്ണറപ്പാക്കി. പിന്നീടുള്ള രണ്ട് സീസണിൽ പ്ലേ ഓഫിലുമെത്തിച്ചു. നാൽപ്പത്താറുകാരനായ ഇവാനു കീഴിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. അതിനാൽത്തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനുമായി. പുതിയ പരിശീലകനെ തേടുകയാണെന്ന് ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. അപ്രതീക്ഷിതമായാണ് വുകോമനോവിച്ചിന്റെ പടിയിറക്കം. കഴിഞ്ഞയാഴ്‌ച ഒഡിഷയോട് തോറ്റശേഷം അടുത്ത സീസണിൽ തുടരുമെന്ന് ഇവാൻ പറഞ്ഞിരുന്നു.
കരാർ 2025 മെയ് വരെയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷമാണ് മികച്ച പരിശീലകനെ ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയത്. ഇത്രയും ദീർഘകാലം കസേരയിലിരുന്ന മറ്റൊരു കോച്ചില്ല. വുകോമനോവിച്ചിനുമുമ്പ് എട്ട് വർഷത്തിനിടെ 10 പരിശീലകരെയാണ് ബ്ലാസ്‌റ്റേഴ്‌സ് പരീക്ഷിച്ചത്. ആരും തുടർന്നില്ല. മോശം പ്രകടനമായിരുന്നു. ബൽജിയം, സെർബിയ, സ്ലോവാക്യ എന്നിവിടങ്ങളിൽ കളി പഠിപ്പിച്ച് പരിചയമുള്ള വുകോമനോവിച്ച് സ്ഥാനമേറ്റശേഷം ടീമിന്റെ കളിശൈലി മാറി. താരകൈമാറ്റ ജാലകത്തിൽ സൂക്ഷ്‌മമായി ഇടപെടാനും തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്. യുവതാരങ്ങളെ വിശ്വാസത്തിലെടുത്തു. വിദേശതാരങ്ങളുടെ തെരഞ്ഞെടുപ്പും ശ്രദ്ധയോടെയായിരുന്നു. ജീക്‌സൺ സിങ്, സഹൽ അബ്‌ദുൽ സമദ്, ഹോർമിപാം, കെ പി രാഹുൽ തുടങ്ങി ഒട്ടേറെ ഇന്ത്യൻതാരങ്ങൾ മികവുകാട്ടി. അഡ്രിയാൻ ലൂണ, മാർകോ ലെസ്‌കോവിച്ച് തുടങ്ങിയ വിദേശീയരുടെ സാന്നിധ്യവും മാറ്റം വരുത്തി. ഏത് ടീമുമായും തോൽക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ സംഘടിതശക്‌തിയാക്കി മാറ്റി. ഇതിനിടെ വിവാദങ്ങളിലും വുകോമനോവിച്ച് പെട്ടു. കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ നിന്ന് കളിക്കാരെ പിൻവലിച്ച് കളം വിട്ടു. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. വിലക്കു നേരിട്ടു. വലിയ തുക പിഴയും ഒടുക്കേണ്ടിവന്നു.
ഈ സീസണിൻ്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പ്രധാന കളിക്കാരുടെ പരിക്ക് അലട്ടിയതോടെ അവസാനം മങ്ങി. 68 കളിയിലാണ് വുകോമനോവിച്ചിനു കീഴിൽ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. 29 ലും ജയിച്ചു. 28 തോൽവി, 11 സമനില എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. പരിശീലകനുമായി പിരിയുന്ന കാര്യം സാമൂഹമാധ്യമത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റാണ് അറിയിച്ചത്. വുകോമനോവിച്ചിന്റെ പ്രതികരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച് ടീം വിട്ടു
Reading Time: < 1 minute






