ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറുടെ വധവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറും വരെ കാനഡയുടെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ്മ. ഇന്ത്യ അന്വേഷണത്തോട് സഹകരിക്കുന്നതായി കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, നിജ്ജാർ വധവുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും കാനഡ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്ന് വർമ്മ ആവർത്തിച്ചു. പ്രസക്തമായ വിവരങ്ങൾ കൈമാറാതെ കനേഡിയൻ അധികൃതരെ സഹായിക്കുന്നത് ബുദ്ധിമുട്ടാണ്. അന്വേഷണത്തിന് സഹകരിക്കണമെന്ന് ഔദ്യോഗിക അപേക്ഷകളൊന്നും തന്റെ ഓഫീസിന് ലഭിച്ചിട്ടില്ല. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായിരുന്ന നിജ്ജാർ (45) ജൂൺ 18നാണ് കാനഡയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദം ഇരുരാജ്യങ്ങൾക്കുമിടെയിൽ നയതന്ത്ര ഭിന്നതയ്ക്ക് ഇടയാക്കി.
