കാനഡ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് കാനഡ മുൻ ഗവർണർ സ്റ്റീഫൻ പോളോസ്. സാങ്കേതികമായി മാന്ദ്യത്തിലാണെന്ന് പറയാൻ കഴിയില്ലെങ്കിലും രാജ്യം ഒരു മാന്ദ്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പോളോസ് പറയുന്നു.
രാജ്യത്ത് തുടർച്ചയായി രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ചയുണ്ടായാലാണ് സാങ്കേതികമായി മാന്ദ്യമെന്ന് പറയുക. എന്നാൽ രാജ്യത്തെത്തുന്ന പുതിയ കുടിയേറ്റക്കാരിലൂടെ ഉപഭോഗം വർദ്ധിച്ചതിനാൽകാനഡയിൽ അത് സംഭവിച്ചിട്ടില്ല. മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) തുടർച്ചയായ ആറാം പാദത്തിൽ 0.4% കുറഞ്ഞതായി കഴിഞ്ഞ വെള്ളിയാഴ്ച, സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. പണപ്പെരുപ്പത്തെ തുടർന്ന് സമീപ കാലത്ത് ജീവിതച്ചെലവ് 30% വർദ്ധിച്ചതിനാൽ കനേഡിയക്കാർ ചെലവഴിക്കുന്നത് കുറഞ്ഞിട്ടുണ്ട്. പ്രവചിച്ചതിലും വേഗത്തിൽ പണപ്പെരുപ്പം കുറയുന്നത് മാന്ദ്യത്തിൻ്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്വിഫാക്‌സിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കാനഡയുടെ ഉപഭോക്തൃ കടത്തിൽ കഴിഞ്ഞ പാദത്തിൽ റെക്കോർഡ് വർദ്ധനയാണ് ഉണ്ടായത്. ഉപഭോക്തൃ കടം ഏകദേശം 2.5 ട്രില്യൺ ഡോളറിലെത്തി. ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിൻ്റെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഭവന പ്രതിസന്ധി കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു എന്നാണ്.







