എഡ്മന്റണില്‍ ദക്ഷിണേഷ്യന്‍ ബിസിനസ് ഉടമകളെ ലക്ഷ്യമിട്ട് നടക്കുന്ന കവര്‍ച്ചാ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യന്‍ വംശജർ അറസ്റ്റിലായി. സൗത്ത്ഈസ്റ്റ് എഡ്മന്റണിലെ ആറ് സ്ഥലങ്ങളില്‍ ഇപിഎസ്, ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ സെര്‍ച്ച് വാറണ്ടുകള്‍ നടപ്പിലാക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. ഈ വര്‍ഷം ആദ്യം പോലീസ് നടത്തിയ ഏറ്റവും വലിയ അറസ്റ്റാണിതെന്നും റിപ്പോർട്ട് പറയുന്നു.
ജഷാന്‍ദീപ് കൗര്‍(19), ഗുര്‍കരന്‍ സിംഗ്(19), മാനവ് ഹീര്‍(19),പര്‍മീന്ദര്‍ സിംഗ്(21), ദിവ്‌നൂര്‍ ആഷ്ത്(19) പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങൾ ചെയ്തതായി പോലീസ് വ്യക്തമാക്കി. ക്രിമിനല്‍ സംഘത്തിന്റെ നേതാവെന്ന് കരുതുന്ന ഏഴാമത്തെ പ്രതി 34 കാരനായ മണീന്ദര്‍ ദലിവാളിനായി തിരച്ചില്‍ തുടരുന്നതായി എഡ്മന്റണ്‍ പോലീസ് അറിയിച്ചു. ഇദ്ദേഹത്തിനെതിരായി കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചതായി പോലീസ് വ്യക്തമാക്കി. എഡ്മന്റണില്‍ താമസിക്കുന്ന ദലിവാല്‍ വിദേശത്തും കവർച്ചാ കേസുകളില്‍ പ്രതിയാണ്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തീവെപ്പ്, കൊള്ളയടി, വെടിവെപ്പ്, കവര്‍ച്ച തുടങ്ങിയവ ഉള്‍പ്പെടെ പ്രോജക്ട് ഗ്യാസ്‌ലൈറ്റ് എന്ന കൊള്ളയടി പരമ്പരയുമായി ബന്ധപ്പെട്ട് 40 ഓളം കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്.
