തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് ( ഇഒഐ ) സംവിധാനം അവതരിപ്പിക്കുക വഴി പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങി ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം ( എഎഐപി ). സെപ്റ്റംബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വരും. കാര്യക്ഷമത വർദ്ധിപ്പിക്കുകയും ആൽബർട്ടയിലെ തൊഴിൽ വിപണിയുടെ ആവശ്യകതയ്ക്ക് അനുസൃതമായി കുടിയേറ്റ പ്രക്രിയ ക്രമീകരിക്കുകയുമാണ് പുതിയ മാറ്റം വഴി ഉദ്ദേശിക്കുന്നത്.
പോയിന്റ്സ് അടിസ്ഥാനമാക്കിയുള്ള ഒരു തെരഞ്ഞെടുപ്പ് മെക്കാനിസമാണ് ഇഒഐ. അപേക്ഷകർ എഎഐപി പോർട്ടലിലൂടെ ഇഒഐ സമർപ്പിക്കേണ്ടതുണ്ട്. ഇഒഐ സമർപ്പിച്ചു കഴിഞ്ഞാൽ എക്സ്പ്രസ്സ് എൻട്രിക്ക് സമാനമായ സെലക്ഷൻ പൂളിലേക്ക് കാൻഡിഡേറ്റുകൾ കടക്കും.
നിശ്ചിതമായ അപേക്ഷ തിയതികളും ക്വാട്ടകളുമുള്ള നിലവിലെ സംവിധാനത്തിൽ നിന്ന് വിഭിന്നമായി, ഇഒഐയുടെ തുടർച്ചയായ സബ്മിഷനുകളും പ്രൊസസിങ്ങും പുതിയ രീതി വഴി സാധിക്കും. നിർദ്ദിഷ്ടമായ ഒരു തീയതിക്ക് കാത്തിരിക്കാതെ എപ്പോൾ വേണമെങ്കിലും തങ്ങളുടെ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കാൻ കാൻഡിഡേറ്റുകൾക്ക് കഴിയും. പ്രവർത്തി പരിചയം , നൈപുണ്യം, പ്രവിശ്യയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവ് എന്നിവയ്ക്ക് അനുസരിച്ച് അപേക്ഷകരെ റാങ്ക് ചെയ്യും. ഉയർന്ന റാങ്ക് ലഭിക്കുന്ന അപേക്ഷകർക്ക് കുടിയേറ്റത്തിന് അപേക്ഷിക്കാനുള്ള ഇൻവിറ്റിഷൻ ലഭിക്കും.
