വേതന വര്‍ധനയും മറ്റ് പ്രശ്‌നങ്ങളും ഉന്നയിച്ച് പതിനായിരക്കണക്കിന് കാനഡ പോസ്റ്റ് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനാൽ 85,000 പാസ്‌പോര്‍ട്ടുകള്‍ മെയില്‍ അയക്കുന്നത് നിര്‍ത്തിവെച്ചതായി സര്‍വീസ് കാനഡ അറിയിച്ചു. സമരത്തെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള മെയില്‍ ഡെലിവറി നിര്‍ത്തിവെച്ചിരിക്കുകയാണ്. തിരക്കേറിയ അവധിക്കാലം ആരംഭിക്കുന്നതിനാല്‍ കാനഡ പോസ്റ്റിന്റെ അടച്ചുപൂട്ടല്‍ ദശലക്ഷകണക്കിന് കനേഡിയന്‍ പൗരന്മാരെയും രാജ്യത്തുടനീളമുള്ള ബിസിനസ്സുകളെയും ബാധിക്കും.
സമരം അവസാനിച്ചാൽ സര്‍വീസ് പുനരാരംഭിക്കുന്ന മുറയ്ക്ക് പാസ്‌പോര്‍ട്ടുകള്‍ ക്ലയ്ന്റുകള്‍ക്ക് അയച്ചുകൊടുക്കുമെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ വക്താവ് മില റോയ് പ്രസ്താവനയില്‍ അറിയിച്ചു.
ഇതിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും അടിയന്തിരമായി പാസ്പോര്‍ട്ട് ആവശ്യമുള്ളവരും 1-800-567-6868 എന്ന നമ്പറില്‍ പാസ്പോര്‍ട്ട് പ്രോഗ്രാമുമായി ബന്ധപ്പെടാനോ പിക്ക്-അപ്പ് സേവനം നല്‍കുന്ന സര്‍വീസ് കാനഡ കേന്ദ്രത്തിലേക്ക് പാസ്പോര്‍ട്ട് മാറ്റുന്നതിന് വ്യക്തിപരമായി അഭ്യര്‍ത്ഥിക്കാനോ ആവശ്യപ്പെടുന്നു.







