കനേഡിയന്മാരുടെ റേഡിയോ ആക്ടീവ് വാതക സമ്പർക്കം വർധിച്ചുവരികയാണെന്നും ഇത് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്നതായും റിപ്പോർട്ട്. അര്‍ബുദത്തിനു കാരണമാകുന്ന, സ്വാഭാവികമായുണ്ടാകുന്ന റഡോണ്‍ വാതകം നമ്മുടെ വീടിനുള്ളിലും ജോലിസ്ഥലത്തുമൊക്കെയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇത് കൂടിയ സാന്ദ്രതയില്‍ വീടിനുള്ളിലും ഓഫിസിലുമൊക്കെ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ശ്വാസകോശ അര്‍ബുദത്തിന്‌റെ പ്രധാന കാരണക്കാരന്‍ ഈ റഡോണാണ്.
റേഡിയോ ആക്ടീവ് വാതകമാണ് റഡോണ്‍. ഇതിനു നിറമോ ഗന്ധമോ ഇല്ലാത്തതിനാല്‍ ശരിയായ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. പാറകളിലും മണ്ണുകളിലും ജലസ്രോതസുകളിലും കാണപ്പെടുന്ന യുറേനിയത്തിന്‌റെ സ്വാഭാവികമായ ക്ഷയത്തില്‍നിന്നാണ് റഡോണ്‍ ഉണ്ടാകുന്നത്.
2024-ൽ കാൽഗറി സർവകലാശാല സർവേയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 18 ശതമാനം കനേഡിയൻ വീടുകളിലും ഹെൽത്ത് കാനഡയുടെ സ്വീകാര്യമായ മാനദണ്ഡങ്ങൾ കവിയുന്ന ഉയർന്ന അളവിൽ റാഡൺ വാതകം അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. ഇതിനർത്ഥം ഏകദേശം 10.3 ദശലക്ഷം കനേഡിയൻമാർ സ്വന്തം വീടിനുള്ളിലെ അപകടകരമായ വാതകത്തിന് വിധേയരാണെന്നാണെന്ന് സർവേ പറയുന്നു.
പുറത്തുള്ള റഡോണ്‍ നിരുപദ്രവകരമായ അളവിലുള്ളതാണ്. എന്നാല്‍ അകത്ത്, പ്രത്യേകിച്ച് വായുസഞ്ചാരം കുറവുള്ള ഇടങ്ങളില്‍ ഇത് അപകടകരമാകുന്നു. അകത്തിടങ്ങളില്‍ ഇതിന്‌റെ അളവ് 10 Bq/m3 മുതല്‍ 10,000 Bq/m3 വരെ ആകാം.
മൂന്ന് മുതല്‍ 14 ശതമാനംവരെ കണക്കില്‍ ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നത് റഡോണ്‍ ആണ്. ചെറിയ സാന്ദ്രതയില്‍ വീടിനുള്ളില്‍ കാണുന്ന റഡോണ്‍ വരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പുകവലി ശീലമുള്ളവര്‍ക്കു മറ്റുള്ളവരേക്കാള്‍ റഡോണ്‍ കാരണമുള്ള അര്‍ബുദം പിടിപെടാനുള്ള സാധ്യത 25 മടങ്ങ് അധികമാണ്.







