ഒട്ടാവ: 2022-ൽ കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വ മത്സരത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യന്‍ ഏജന്റുമാർ ഇടപെട്ടതായി കനേഡിയന്‍ മാധ്യമ റിപ്പോർട്ട്.
ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ സര്‍ക്കാരിന്റെ മുഖ്യ എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് പിയർ പൊലിയേവ് വരാനിടയായ സാഹചര്യങ്ങളെ ഇന്ത്യന്‍ ഏജന്റുമാര്‍ സ്വാധീനിച്ചു എന്നാണ് കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസ് ഒരു റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. അതേസമയം വാര്‍ത്താ ഔട്ട്‌ലെറ്റിന്റെ അവകാശവാദങ്ങള്‍ കണ്‍സര്‍വേറ്റീവ് നേതൃത്വം തള്ളിക്കളഞ്ഞു.
ചൈന, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കാനഡയിലെ 2019,2021 ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്ന കനേഡിയന്‍ സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു.
2022ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിനായുള്ള പാട്രിക് ബ്രൗണിന്റെ പ്രചാരണത്തെ ‘ഇന്ത്യന്‍ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു’ എന്ന് റേഡിയോ-കാനഡയോട് സംസാരിച്ച പേര് വെളിപ്പെടുത്താത്ത വ്യക്തികളെ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ആരോപിച്ചു. ഇടപെടല്‍ മൂലമാണ് അന്തിമഫലത്തില്‍ മാറ്റം വരുത്തിയതെന്ന ആശയം ബ്രൗണും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.
2022ല്‍ ബ്രൗണിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സര്‍വേറ്റീവ് എംപി മിഷേല്‍ റെംപെല്‍ ഗാര്‍നറെ സമ്മര്‍ദ്ദത്തിലാക്കിയതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. ബ്രൗണിന്റെ ദേശീയ പ്രചാരണത്തിന്റെ സഹ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിരുന്ന ഗാര്‍നര്‍ 2022 ജൂണ്‍ 16 ന് കണ്‍സര്‍വേറ്റീവ് നേതൃത്വ മത്സരത്തിന്റെ മധ്യത്തില്‍ തന്റെ ചുമതലയില്‍ നിന്ന് രാജിവച്ചിരുന്നു. അതിനുശേഷം അവര്‍ പ്രചാരണത്തിലേക്ക് മടങ്ങിയെത്തിയില്ല.
ആരോപണങ്ങള്‍ നിഷേധിച്ച് റെംപെല്‍ ഗാര്‍നര്‍ രംഗത്തുവന്നിട്ടുണ്ട്. താന്‍ ബ്രൗണിന്റെ പ്രചാരണ പങ്കാളിത്തം ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അതില്‍ ആരുടേയും സ്വാധീനമോ പ്രേരണയോ ഇല്ലെന്ന് അവര്‍ സിബിസി ന്യൂസിന് എഴുതി നല്‍കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു.
