ഒന്റാറിയോയിലുടനീളം നോ നെയിം അൾട്രാ ഡിസ്കൗണ്ട് ഗ്രോസറി സ്റ്റോറുകൾ തുറക്കാനൊരുങ്ങി ലോബ്ലോ. ഇതോടെ സാധനങ്ങളുടെ വില കുറയുമെന്നും കമ്പനി വ്യക്തമാക്കി. സെപ്റ്റംബറിൽ വിൻഡ്സർ, സെന്റ് കാതറിൻസ്, ബ്രോക്ക്വില്ലെ എന്നിവിടങ്ങളിൽ ആദ്യത്തെ മൂന്ന് നോ നെയിം സ്റ്റോറുകൾ തുറക്കും.
നോ നെയിം സ്റ്റോർ പൂർണ്ണമായും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമാണെന്ന് ലോബ്ലോ പ്രസിഡന്റും സിഇഒയും പെർ ബാങ്ക് പറഞ്ഞു.
ഒരു പരമ്പരാഗത പലചരക്ക് കട നടത്തുന്നത് ചെലവേറിയതായിരിക്കും, എന്നാൽ ഞങ്ങളുടെ കെട്ടിടത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും ചെലവ് കുറയ്ക്കുന്നതിലൂടെ ഞങ്ങൾക്ക് സാധനങ്ങൾ വില കുറച്ച് നൽകാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പുതിയ സ്റ്റോറുകൾ തുറക്കുന്നതിലും മറ്റുള്ളവ മാറ്റിസ്ഥാപിക്കുന്നതിനുമായി ലോബ്ലോ ഡിസ്കൗണ്ട് സ്റ്റോർ നെറ്റ്വർക്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മൂന്ന് വർഷത്തിനിടയിൽ ഗ്രോസറി ചെലവ് 20 ശതമാനത്തിൽ അധികം ഉയർന്നതിന് ശേഷം വിലക്കയറ്റം സ്ഥിരപ്പെടുത്താനോ കുറയ്ക്കാനോ ഉപഭോക്താക്കളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു.
നോ നെയിം സ്റ്റോറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകുന്നേരം 7 വരെയാണ്. ശീതീകരിച്ച ഉൽപ്പന്നങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ, പാൻട്രി സ്റ്റേപ്പിൾസ് എന്നിവ ഉണ്ടായിരിക്കും. എന്നാൽ പാലും ഫ്രഷ് മാംസവും പോലുള്ള ശീതീകരിച്ച ഭക്ഷണങ്ങളൊന്നുമുണ്ടാവില്ല. ലോബ്ലോയുടെ മറ്റ് സ്റ്റോറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനംവരെ വിലകുറവായിരിക്കും നോ നെയിം സ്റ്റോറുകളിൽ. ഉൽപ്പന്നങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും 5 ഡോളറിൽ താഴെയായിരിക്കും വില.







